സത്യം പറയുന്ന മുന്‍ എംഎല്‍എയ്ക്ക് ഇതാണ് അവസ്ഥയെങ്കില്‍ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്താകു൦ ; പിസിയുടെ അറസ്റ്റിൽ പാര്‍വതി ഷോണ്‍

കോട്ടയം: പീഡനക്കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മകൻ ഷോണിന്റെ ഭാര്യ പാര്‍വതി ഷോണ്‍ രംഗത്ത്. സത്യം പറയുന്ന ഒരു മുന്‍ എംഎല്‍എയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ ഗതി എന്താകുമെന്ന് പാര്‍വതി ചോദിക്കുന്നു.

‘സത്യം വിളിച്ച് പറയുന്ന ഒരു മുന്‍ എംഎല്‍എയ്ക്ക് ഇതാണ് അവസ്ഥയെങ്കില്‍ ഒരു സാധാരണക്കാരന്റെ അവസ്ഥ എന്താകും? വേറെ എന്തൊക്കെ കേസില്‍പെടുത്താം. ഇത്ര മോശം കേസില്‍ ചെയ്യാമോ ? ഇതൊരു കുക്ക്ഡ് അപ്പ് സ്റ്റോറി ആണെന്ന് കേക്കുന്നവര്‍ക്ക് അറിയാം. നിയമം ഉണ്ടല്ലോ ഈ നാട്ടില്‍. നമുക്ക് നോക്കാം.’- പാര്‍വതി പറയുന്നു.

പിസി ജോര്‍ജ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഭാര്യ ഉഷയും പറഞ്ഞു. അറസ്റ്റ് പിണറായി വിജയന്റെ കളിയാണ്. ഒരു മനുഷ്യനെ ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് കരുതേണ്ട. ഇത് രാഷ്ട്രീയ വൈരാഗ്യമാണെന്ന് ആര്‍ക്കും മനസ്സിലാകും. പിസി ജോര്‍ജിനെ കുടുക്കാന്‍ ആസൂത്രിത നീക്കം നടക്കുകയാണെന്നും ഉഷ ആരോപിച്ചു.

മുഖ്യമന്ത്രി പിസി ജോര്‍ജിനെയും കുടുംബത്തെയും വേട്ടയാടുകയാണ്. തന്നെ പീഡിപ്പിക്കാത്ത ഏക വ്യക്തി പിസി ജോര്‍ജ് മാത്രമാണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. അപ്പന് തുല്യമെന്ന് രണ്ടാഴ്ച മുന്‍പ് വരെ പറഞ്ഞിരുന്ന സ്ത്രീ മൊഴി മാറ്റിയത് എങ്ങനെ? പരാതിക്കാരിയെ സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്നും ഉഷ പറഞ്ഞു.

പരാതിക്കാരി വീട്ടില്‍ വരാറുണ്ട്, സ്വപ്ന സുരേഷും വരുമായിരുന്നു. ഇരുവരുമായി താന്‍ സംസാരിച്ചിട്ടുണ്ട്. 40 വര്‍ഷമായി പുള്ളിയോടൊപ്പം ജീവിക്കുന്നു, ഇതുവരെ നുള്ളി നോവിച്ചിട്ടില്ല. പിണറായി വിജയനെതിരായ കുറ്റങ്ങളും ആരോപണങ്ങളും പുറത്തു വരാതിരിക്കാനാണ് പുതിയ നാടകമെന്നും ഭാര്യ ഉഷ കൂട്ടിച്ചേര്‍ത്തു.

Exit mobile version