27 വർഷം മുമ്പ് തന്റെ വിവാഹത്തിന് സാരഥിയായി എത്തി; മകന്റെ വിവാഹത്തിന് അതേ അംബാസഡർ കാറിനെ തേടിയെത്തി അനിൽകുമാർ; ഒടുവിൽ എല്ലാം ശുഭം

തൊടുപുഴ: ചില ഓർമ്മകൾ ക്യാമറയിൽ പതിഞ്ഞതിനേക്കാൾ മനോഹരമായി മനസിൽ തെളിഞ്ഞുകിടക്കാറുണ്ട്. തലമുറകൾക്കിപ്പുറവും ആ ഓർമ്മകൾ തേടിയെത്തുമ്പോൾ തിരിഞ്ഞുനോക്കാതിരിക്കുന്നതെങ്ങനെ. ഇതാണ് തൊടുപുഴ സ്വദേശി അനിൽകുമാറും ഭാര്യ രാജശ്രീയും ചെയ്തതും. 27 വർഷം മുമ്പ് തങ്ങളുടെ വിവാഹദിനത്തിൽ സാരഥിയായ ആ വെളുത്ത അംബാസഡർ കാറിനെ തന്നെ തേടിപ്പിടിച്ച് മകന്റെ വിവാഹത്തിന് കുതിച്ച് പായാൻ എത്തിച്ചിരിക്കുകയാണ് ഇവർ.

തന്റെ വിവാഹദിനത്തിലെ മനോഹരമായ ഓർമ്മകൾ അങ്ങനെ ഈ ദമ്പതികൾ സ്വന്തം മകന്റെ വിവാഹത്തിനൊപ്പം കൂട്ടിയിണക്കി അതിമനോഹരമാക്കി. ഏറെ തിരഞ്ഞാണ് അന്ന് വിവാഹയാത്രയ്‌ക്കെത്തിയ അംബാസഡർ കാർ തിരഞ്ഞുപിടിച്ചതെന്ന് മൂവാറ്റുപുഴ ജോയിന്റ് ആർടിഒ കൂടിയായ അനിൽ കുമാർ പറയുന്നു.

മകൻ അർജുന്റെ വിവാഹത്തിനായാണ് അനിൽകുമാർ ഈ കാറിനെ തേടിയെത്തിയത്. 1995 ഫെബ്രുവരി 5നാണ് കാപ്പ് കുറിഞ്ഞിലിക്കാട്ട് ദേവീ ക്ഷേത്രത്തിൽ അനിൽകുമാറിന്റെയും രാജശ്രീയുടെയും വിവാഹം നടന്നത്. അന്ന് കോല്ലക്കാട്ട് ശിവശങ്കരൻ നായരുടെ 1990 മോഡൽ അംബാസഡറിലായിരുന്നു വിവാഹശേഷം വീട്ടിലേക്കുള്ള യാത്ര.

ഒടുവിൽ ഇപ്പോൾ 27 വർഷത്തിനിപ്പുറം മകന്റെ വിവാഹത്തിനും അനിൽകുമാർ ആദ്യം തിരക്കിയത് ഈ വാഹനം തന്നെ ലഭിക്കുമോയെന്നാണ്. ആർടിഒ ഓഫീശറായതിനാൽ തന്നെ തിരച്ചിൽ കുറച്ച് എളുപ്പമായി. ഇപ്പോൾ ഈ കാർ കൊടകര സ്വദേശി ശബരിയുടെ ഉടമസ്ഥതയിലാണ്. ആവശ്യം പറഞ്ഞപ്പോൾ ഉടമ തന്നെ തൃശൂരിൽ നിന്നു വാഹനം എത്തിച്ചു നൽകി.

ALSO READ- യൂസുഫും യാസീനും ഇനി ഒന്നല്ല, രണ്ടുവ്യക്തികൾ; 15 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തി; സൗദിക്ക് നന്ദി പറഞ്ഞ് ലോകം

ഒടുവിൽ എല്ലാം മംഗളമായപ്പോൾ കഴിഞ്ഞ ഞായറാഴ്ച തൊടുപുഴയിൽ വച്ചായിരുന്നു അർജുന്റെയും കാപ്പ് വളവശേരിയിൽ വിസി രഘുനാഥിന്റെയും ഗീതയുടെയും മകൾ ലക്ഷ്മിയുടെയും വിവാഹം. കാറിനൊപ്പം ഫോട്ടോ ഷൂട്ട് കൂടി നടത്തിയാണ് ഈ അംബാസഡർ ഇവർ ഉടമയ്ക്കു തിരികെ നൽകിയത്.

Exit mobile version