എല്‍കെജി മുതല്‍ എല്‍എല്‍ബി വരെ ഒരേ ബെഞ്ചില്‍; ഒരുമിച്ച് വക്കീല്‍ കുപ്പായവും അണിഞ്ഞ് ഒബൈദും അമീനും

പുന്നയൂര്‍ക്കുളം: എല്‍കെജി മുതല്‍ എല്‍എല്‍ബി വരെ ഒരേ ബെഞ്ചില്‍, ഒരുമിച്ച് വക്കീല്‍ കുപ്പായവും അണിഞ്ഞ് നല്ല സൗഹൃദമാതൃകയായി ഒബൈദും അമീനും.

കൂട്ടുകാരുടെ മക്കളായ ഒബൈദും അമീനും ചമ്മന്നൂര്‍ അമല്‍ സ്‌കൂളിലെ എല്‍കെജി ക്ലാസ് മുറിയില്‍ നിന്നാണ് ഒരുമിച്ചുള്ള യാത്ര തുടങ്ങുന്നത്. ഒരേ ബഞ്ചിലിരുന്ന് പഠിച്ച ഇരുവരും പ്ലസ്ടു വരെ ഇവിടെ പഠിച്ചു. പിന്നീട് അമീന്‍ ബികോമിന് കോയമ്പത്തൂര്‍ സി.എം.എസ് കോളേജില്‍ ചേര്‍ന്നു. പക്ഷെ, ദൂരെ പോയി പഠിക്കാന്‍ അമീന്റെ വീട്ടുകാര്‍ സമ്മതിച്ചില്ല.

അമീന്‍ പഴഞ്ഞി എം ഡി. കോളേജിലും ചേര്‍ന്നു. അങ്ങിനെ ഓര്‍മ്മ വെച്ച നാള്‍ മുതലുള്ള കൂട്ടുകാര്‍ തമ്മില്‍ അന്നാദ്യമായി വിടപറഞ്ഞു. പക്ഷെ, വേര്‍പിരിയിലിന്റെ വേദന ഇരുവര്‍ക്കും താങ്ങാനാവുന്നതില്‍ അപ്പുറമായിരുന്നു. രണ്ടാഴ്ച്ചക്കകം തന്നെ കോയമ്പത്തൂര്‍ വിട്ട് പഴഞ്ഞി എം.ഡി കോളജിലെ ഒഴിവുള്ള സീറ്റ് തരപ്പെടുത്തി ഒബൈദ് തിരിച്ച് വന്നു. ശേഷം ഒബൈദും അമീനും വീണ്ടും ഒരേ ക്ലാസിലായി.

ഡിഗ്രിക്ക് ശേഷം എം.ബി.എ ചെയ്യാനായിരുന്നു അമീന് താല്‍പ്പര്യം. ഒബൈദിന് പക്ഷെ എല്‍എല്‍ബി യായിരുന്നു. പിരിയാനുള്ള വേദന ഓര്‍ത്തപ്പോള്‍ ഇരുവരുടേയും ഇഷ്ടങ്ങള്‍ അവിടെയും ഒന്നായി. വീട്ടുകാരുടെ സമ്മതം കൂടിയാപ്പോള്‍ രണ്ടു പേരും നേരെ പോയി ഷൊര്‍ണ്ണൂരിലെ അല്‍ അമീന്‍ ലോക്കോളേജില്‍ ചേര്‍ന്നു. പഠനത്തിന് ശേഷം ഫലം വന്നപ്പോള്‍ ഇരുവരും നല്ല മാര്‍ക്കോടെ വിജയം കൈവരിച്ചു.

ഇവരുടെ മനസ്സ്പോലെ തന്നെ ഒരേ മാര്‍ക്കോടെയാണ് വിജയിച്ചത്. മുതുവമ്മല്‍ തെക്കേലെവളപ്പില്‍ മജീദിന്റേയും ഷമിയുടേയും മകനാണ് ഒബൈദ്. ചമ്മനൂര്‍ അറക്കല്‍ അയ്യൂബ് ഹുസൈനിന്റേയും നസിയുടേയും മകനാണ് അമീന്‍.

Exit mobile version