ബസ് ഡ്രൈവറില്‍ നിന്നും വക്കീലിലേക്ക്: ബസിന്റെ വളയം പിടിച്ച് സ്വപ്‌നദൂരം കീഴടക്കി ഹരീഷ്

ആലുവ: ബസിലെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും ഹരീഷിന്റെ ജീവിത വളയം ഇനി നേരെ കറുത്തകോട്ടിലേക്കും കോടതി മുറികളിലേക്കും. എല്‍എല്‍ബി പരീക്ഷ ഒന്നാം ക്ലാസോടെ ജയിച്ചുകയറിയിരിക്കുകയാണ് മുപ്പത്തടം വെളിയത്ത് ഹരീഷ്. വിജയത്തിന്റെ ആദ്യ കടമ്പ കടന്ന സന്തോഷവാര്‍ത്തയെത്തുമ്പോള്‍ ഹരീഷ് ഏലൂര്‍-ഫോര്‍ട്ട്‌കൊച്ചി റൂട്ടില്‍ ‘നന്ദനം’ ബസിന്റെ വളയം ശ്രദ്ധയോടെ തിരിക്കുകയായിരുന്നു.

10 വര്‍ഷമായി ബസിന്റെ വളയം പിടിച്ച് തന്റെ സ്വപ്‌നദൂരത്തിലേക്കുള്ള ഓട്ടത്തിലായിരുന്നു മുപ്പത്തിനാലുകാരനായ ഹരീഷ്. എംജി യൂണിവേഴ്‌സിറ്റി 2018-2021 വര്‍ഷത്തെ എല്‍എല്‍ബി പരീക്ഷയിലാണ് ഹരീഷിന്റെ വിജയം. വെളിയത്ത് സോമസുന്ദരന്‍ പിള്ള യും പരേതയായ കോമളവുമാണ് ഹരീഷിന്റെ മാതാപിതാക്കള്‍.

2012ല്‍ ഉണ്ടായ ബസ് അപകടമാണ് ഹരീഷിന്റെ ജീവിതം തകിടം മറിച്ചത്. ബിഎസ്‌സി ഇലക്ട്രോണിക്സും കളമശേരി ഗവ. പോളിടെക്നിക് കോളജില്‍ നിന്ന് ഇന്‍സ്ട്രുമെന്റേഷന്‍ കോഴ്സും പാസായി ഏലൂര്‍ ഇഎസ്‌ഐ റഫറന്‍സ് വിഭാഗത്തില്‍ താല്‍ക്കാലിക ജോലിയില്‍ പ്രവേശിച്ചതിനു പിന്നാലെ 2012ല്‍ കളമശേരിയില്‍ ഉണ്ടായ ബസ് അപകടത്തില്‍ പിതാവ് സോമസുന്ദരന്‍ പിള്ളയ്ക്കും അമ്മ കോമളത്തിനും ഗുരുതരമായി പരുക്കേറ്റു.

Read Also: സ്വര്‍ഗത്തില്‍ കണ്ടുമുട്ടാം! ലോകത്തിലെ ഏറ്റവും മികച്ച അമ്മ: നല്ല പെണ്‍കുട്ടിയാകാന്‍ ഞാന്‍ ശ്രമിക്കും; ഏറ്റവും മികച്ച ഒന്‍പത് വര്‍ഷത്തിന് നന്ദി, യുദ്ധത്തില്‍ മരിച്ച അമ്മയ്ക്ക് ഹൃദയത്തില്‍ തൊടുന്ന കത്ത് എഴുതി മകള്‍

പിതാവിന്റെ വലതുകാല്‍ മുട്ടിനു താഴെ മുറിച്ചു മാറ്റി. ചികിത്സയ്ക്കിടെ പ്രമേഹം വര്‍ധിച്ച് അമ്മയുടെ ഇരു വൃക്കകളും തകരാറിലായി. കുടുംബത്തിന്റെ ചുമതല ഹരീഷ് ഏറ്റെടുത്തു. മാതാപിതാക്കളുടെ ചികിത്സയും സഹോദരന്റെ പഠിപ്പും മുടങ്ങാതിരിക്കാന്‍ താല്‍ക്കാലിക ജോലി ഉപേക്ഷിച്ചു കയ്യിലുള്ള ഹെവി ലൈസന്‍സിന്റെ ബലത്തില്‍ ഹരീഷ് ബസ് ഡ്രൈവറുടെ കുപ്പായമണിഞ്ഞു. 10 വര്‍ഷം വളയം പിടിച്ചു. ഇതിനിടെ രോഗം മൂര്‍ഛിച്ച് അമ്മ മരിച്ചു.

വച്ചു പിടിപ്പിച്ച കൃത്രിമക്കാലുമായി അച്ഛന്‍ സ്വന്തം ഓട്ടോറിക്ഷ ഓടിക്കുന്നു. സഹോദരന്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ജോലിയില്‍ പ്രവേശിച്ചു. കാര്യങ്ങള്‍ ഒരുവിധം നേരെയായതോടെ നിയമപഠനം എന്ന പഴയ മോഹം ഹരീഷ് പൊടിതട്ടിയെടുത്തു.

2018ല്‍ തൊടുപുഴ അല്‍ അസ്ഹര്‍ കോളജില്‍ എല്‍എല്‍ബിക്കു ചേര്‍ന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ ബസ് ഓടിച്ചു വരുമാനം കണ്ടെത്തി. കോവിഡിനെ തുടര്‍ന്നു പഠനം ഓണ്‍ലൈനിലേക്കു മാറിയപ്പോള്‍ ഇടവേളകളില്‍ അധികവും ബസില്‍ തന്നെ ഇരുന്നായിരുന്നു പഠനം. അടുത്ത മാസം എന്റോള്‍ ചെയ്യും. അതു കഴിഞ്ഞു മുഴുവന്‍ സമയവും അഭിഭാഷകവൃത്തിയിലേക്കു തിരിയാനാണു ഹരീഷിന്റെ തീരുമാനം.

Exit mobile version