വളയം പിടിക്കാന്‍ മാത്രമല്ല, വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനും അറിയാം ഈ കൈകള്‍ക്ക്; പട്ടിണിയിലായവരെ കണ്ടെത്തി മൂന്ന് നേരം ഭക്ഷണം നല്‍കി ബസ് ഡ്രൈവര്‍മാര്‍, പ്രവാസലോകത്തും മാതൃകയായി മലയാളി കൂട്ടം

ഷാര്‍ജ: വിശക്കുന്നവരുടെ വിളി കേട്ട് ഓടിയെത്തി വയറുനിറയെ ഭക്ഷണം നല്‍കി പ്രവാസലോകത്തും ഒരു കൂട്ടം മലയാളികള്‍ മാതൃകയായി മാറുന്നു. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി(ആര്‍ടിഎ)യിലെ മലയാളി ബസ് ഡ്രൈവര്‍മാരാണ് പട്ടിണിയിലായവര്‍ക്ക് വിശപ്പകറ്റാന്‍ ഭക്ഷണവുമായി എത്തുന്നത്.

ഇന്റര്‍സിറ്റി ബസുകളിലെ ഡ്രൈവര്‍മാരായ തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി വി.എ.ഷരീഫ്, നജീബ്, അക്തര്‍, ആര്‍ടിഎ ജീവനക്കാരനും കെഎംസിസി പ്രവര്‍ത്തകനുമായ ഹംസ തുടങ്ങിയവരാണ് ഇതിന് മുന്നിട്ടിറങ്ങുന്നത്. നിത്യേന ഇവര്‍ 30ലേറെ പേര്‍ക്കാണ് മൂന്ന് നേരത്തെ ഭക്ഷണമെത്തിക്കുന്നത്.

ഷരീഫിനേയും കൂട്ടരെയും സഹായിക്കാന്‍ സാന്‍ഫോര്‍ഡ് കമ്പനി ഉടമ ഖാദര്‍, അമീര്‍, വടക്കാഞ്ചേരി യുഎഇ കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ എന്നിവരുമുണ്ട്. ആര്‍ടിഎ ഇന്റര്‍സിറ്റി ബസ് ഡ്രൈവര്‍മാരുടെ വാട്‌സാപ്പ് തമാശ ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും നിറസാന്നിധ്യമറിയിക്കുന്നു.

അവിചാരിതമായി കണ്ട ഒരുകൂട്ടം യുവാക്കളും പിന്നീട് കേട്ട ഒരു യുവാവിന്റെ മരണവാര്‍ത്തയുമാണ് ഷരീഫിനെ ഈ പുണ്യപ്രവൃത്തിയില്‍ കൊണ്ടെത്തിച്ചത്. ഒരു ദിവസം ഷാര്‍ജ റോള കോര്‍ണിഷിനരികിലൂടെ നടന്നുപോകുമ്പോഴാണ് കരളലിയിക്കുന്ന ആ കാഴ്ച കണ്ടത്. നേരത്തെ പെട്രോള്‍ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്ന ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിനകത്ത് കുറേ യുവാക്കള്‍ വെയിലുംകൊണ്ടിരിക്കുന്നു.

പരിചയപ്പെട്ടപ്പോള്‍ മനസിലായി, കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടവരും സന്ദര്‍ശക വീസയിലെത്തി വഴിയാധാരമായവരുമാണ് ഇവരില്‍ ഭൂരിഭാഗവും. ഇവര്‍ ഒരു നേരം പോലും ഭക്ഷണം കഴിച്ചിരുന്നില്ല. കൂട്ടത്തിലെ മലയാളി യുവാവാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.

ഷരീഫ് അപ്പോള്‍ തന്നെ തൊട്ടടുത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ കൊണ്ടുപോയി എല്ലാവര്‍ക്കും അത്യാവശ്യ ഭക്ഷണം വാങ്ങിക്കൊടുത്തു. അടുത്ത ദിവസങ്ങളിലൊന്നില്‍ ആ യുവാവ് ജീവനൊടുക്കിയത് വലിയ ഞെട്ടലുണ്ടാക്കി. കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായതോടെ നിരവധി പേരാണ് പട്ടിണിയിലായതെന്ന് അന്ന് ഷരീഫ് തിരിച്ചറിഞ്ഞു.

തുടര്‍ന്ന് ഇത്തരക്കാര്‍ക്ക് എന്തെങ്കിലും സഹായം എത്തിക്കാന്‍ കഴിയുമോ എന്ന് കൂട്ടുകാരമായി ആലോചിച്ചു. ഒടുവില്‍ കൂട്ടുകാരുടെയും പൂര്‍ണ പിന്തുണയോടെ ഒരു നേരത്തെ ഭക്ഷണമെങ്കിലും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അക്തറിന്റെ മുറിയില്‍ ഭക്ഷണം പാചകം ചെയ്തു.

ആവശ്യമായ സാധനങ്ങള്‍ എല്ലാവരും ചേര്‍ന്ന് കൊണ്ടുകൊടുത്തു. പിന്നീട് ഒട്ടേറെ നിരാലംബരെ കണ്ടെത്തി ഭക്ഷണമെത്തിച്ചു. ഇത് തുടരാന്‍ സാമ്പത്തിക പ്രയാസം നേരിട്ടപ്പോള്‍ സാന്‍ഫോര്‍ഡ് ഉടമ ഖാദറിനെപോലുള്ള നന്മമനുഷ്യര്‍ രംഗത്തെത്തി.

രാവിലെ സാന്‍ഡ് വിച്, പഴം, ഉച്ചയ്ക്ക് ചോറ്, ഇറച്ചിക്കറി, പച്ചക്കറി, രാത്രി ചോറ്, കറി എന്നിവയും മൂന്ന് നേരവും കുടിവെള്ളവും നല്‍കും. ജോലിസമയമായതിനാല്‍ രാവിലത്തെ സാന്‍ഡ് വിച് രാത്രി തന്നെ നല്‍കുകയാണ് ചെയ്യുന്നതെന്ന് ഷരീഫ് പറഞ്ഞു.

Exit mobile version