മലയാളി യുവാവും വിവാഹിതയായ യുവതിയും ബംഗളൂരുവില്‍ മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് അപ്പാര്‍ട്ട്മെന്റിനുള്ളില്‍

ബംഗളൂരു: മലയാളി യുവാവും ബംഗാളി യുവതിയും ബംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍. ഇരുപത്തിയൊമ്പതുകാരനായ ഇടുക്കി സ്വദേശി അബില്‍ ഏബ്രഹാം, കൊല്‍ക്കത്ത സ്വദേശിനി സൗമിനി ദാസ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊത്തന്നൂര്‍ ദൊഡ്ഡഗുബ്ബിയിലെ അപ്പാര്‍ട്ട്മെന്റിലാണ് ഇരുവരെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. അബില്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സൗമിനി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൂന്നു ദിവസം മുന്‍പാണ് ഇരുവരും ഇവിടെ ഒരുമിച്ച് താമസം ആരംഭിച്ചത്.

also read: ബീവറേജസില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പിയില്‍ പല്ലിയുടെ വാല്‍: പരാതിപ്പെട്ടപ്പോള്‍ ഭീഷണി

സൗമിനി വിവാഹിതയാണ്. മാറത്തഹള്ളിയിലെ സ്വകാര്യ നഴ്സിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് സൗമിനി. നഴ്സിങ് റിക്രൂട്ട്‌മെന്റ് ഏജന്‍സി ഉടമയാണ് അബിന്‍. അവിവാഹിതനാണ്. ഞായറാഴ്ച മുറിയില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങിയതോടെ അപ്പാര്‍ട്ട്മെന്റ് ജീവനക്കാര്‍ ഓടിയെത്തുകയായിരുന്നു.

തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച ഉച്ചയ്ക്ക് യുവതിയുടെ ഭര്‍ത്താവ് വിളിച്ചതിന് പിന്നാലെയാണ് ആത്മഹത്യയെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരണത്തിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തില്‍ കൊത്തന്നൂര്‍ പൊലീസ് കേസെടുത്തു.

Exit mobile version