സ്‌കൂള്‍ കാലം മുതല്‍ കുട നിര്‍മ്മിച്ചു; വിഷ്ണു ഇനി വക്കീല്‍ കോട്ടണിഞ്ഞ് വാദിക്കും

കാഞ്ഞങ്ങാട്: സ്‌കൂള്‍ കാലം മുതല്‍ കുട നിര്‍മ്മിച്ച് വിഷ്ണു ഇനി വക്കീല്‍ കോട്ടണിയും. ആറാം ക്ലാസ് മുതല്‍ കുട തുന്നിത്തുടങ്ങിയാണ് കാഞ്ഞങ്ങാട് സ്വദേശിയായ വിഷ്ണു തന്റെ ലക്ഷ്യത്തിലെത്തിയിരിക്കുന്നത്. മംഗളൂരു എസ്.ഡി.എം. കോളേജില്‍ അവസാന വര്‍ഷ നിയമബിരുദ വിദ്യാര്‍ഥിയായ വിഷ്ണു നവംബറില്‍ പഠനം പൂര്‍ത്തിയാക്കി വക്കീലായി ഇറങ്ങും.

കൊവ്വല്‍പ്പള്ളി കല്ലംചിറ റോഡിലെ കെ.വി. ദാമോദരന്റെയും കെ. രജനിയുടെയും മകനാണ് വിഷ്ണു. ഓരോ വര്‍ഷവും അവന്‍ തുന്നിയിരുന്നത് മുന്നൂറിലധികം കുടകളായിരുന്നു. പഠിക്കാനും അത്യാവശ്യം വീട്ടിലേക്ക് നല്‍കാനുമുള്ള പണം അതുവഴി കണ്ടെത്തിയിരുന്നു.

എട്ട് വര്‍ഷം മുമ്പ് അവന് മുന്‍പില്‍ കുട നിര്‍മാതാക്കളുടെ ഓഫറുകള്‍ വരെയുണ്ടായി. എന്നാല്‍ ആ ഓഫറുകളൊന്നും അവന് സ്വീകരിച്ചില്ല. കാരണം അവന്റെ ലക്ഷ്യം പഠിച്ച് വക്കീലാകുക എന്നതായിരുന്നു.

കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു വിഷ്ണു.
വര്‍ണക്കുടകളും കുട്ടിക്കുടകളുമെല്ലാം ഈ മിടുക്കന്റെ ശേഖരത്തിലുണ്ട്. സ്‌കൂളിലെ പല അധ്യാപകരും ഒരുവര്‍ഷം പോലും മുടങ്ങാതെ വിഷ്ണക്കുട വാങ്ങുന്നു.

കുടനിര്‍മാണത്തിന് ശാസ്ത്രമേളകളില്‍ നിരവധി സമ്മാനം നേടിയ വിഷ്ണു ഉപജില്ലാ, ജില്ലാ, സംസ്ഥാന സ്‌കൂള്‍ മേളകളില്‍ വിധികര്‍ത്താവുമായി. കോളേജുകളിലും സ്‌കൂളുകളിലുമെത്തി ഈ വിഷയത്തില്‍ ക്ലാസെടുക്കുകയും ചെയ്യുന്നു. പ്ലസ്ടു പഠനം കഴിഞ്ഞവരെ ഉന്നതവിദ്യാഭ്യാസത്തിലേക്ക് കൈപിടിച്ചു കയറ്റാനുള്ള കണ്‍സള്‍ട്ടന്‍സിയും നടത്തുന്നു.

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ബുക്കിങ് തുടങ്ങും. പതിവായി വാങ്ങുന്നവരെ അങ്ങോട്ട് വിളിച്ചും ഉറപ്പുവരുത്തും. അതിനുശേഷമാണ് സാധന സാമഗ്രികള്‍ വാങ്ങുക. മേയ് പാതി പിന്നിടുമ്പോഴേക്കും വില്‍പ്പന തുടങ്ങും. നല്ല ഉറപ്പുള്ള കുടകള്‍. വന്‍കിട കമ്പനികളുടെ കുടകളെക്കാള്‍ വിലക്കുറവും.

ഇപ്പോഴും എല്‍എല്‍ബി പഠനത്തിനിടയിലും വിഷ്ണു കുടനിര്‍മിക്കുന്നുണ്ട്. പഠനത്തിരക്കായപ്പോള്‍ പ്രതിവര്‍ഷ നിര്‍മാണത്തിലെ എണ്ണം കുറച്ചു. എങ്കിലും സ്ഥിരമായി വാങ്ങുന്നവര്‍ക്ക് നല്‍കാന്‍ രാത്രി ഉറക്കമിളച്ചിരുന്ന് കുട നിര്‍മിച്ചു നല്‍കുന്നുണ്ട്.

Exit mobile version