ഫോൺ നഷ്ടമായെന്ന്, പിന്നാലെ സുഹൃത്തുക്കളെ കാണാനില്ലെന്ന് പറഞ്ഞും വീട്ടിലേക്ക് കോൾ, ജംഷിദിനെ മൃതദേഹം റെയിൽ പാളത്തിൽ കണ്ടെത്തിയതിൽ അടിമുടി ദുരൂഹത

കോഴിക്കോട്: വിനോദയാത്രയ്ക്കായി സുഹൃത്തുക്കളോടൊപ്പം ബംഗളൂരുവിലേക്ക് പോയ കൂരാച്ചുണ്ട് സ്വദേശി ജംഷിദ് മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. കർണാടകയിലെ മാണ്ഡ്യയിൽ പോലീസ് സ്‌റ്റേഷന് പിന്നെല റെയിൽവേട്രാക്കിൽ മരിച്ചനിലയിലാണ് ജംഷിദിന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. മകന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം കൂരാച്ചുണ്ട് പോലീസിൽ പരാതി നൽകി.

കഴിഞ്ഞ ബുധനാഴ്ചയാണ് കൂരാച്ചുണ്ട് വട്ടച്ചിറ ഉള്ളിക്കാംകുഴിയിൽ മുഹമ്മദിന്റെ മകൻ ജംഷിദിന്റെ മൃതദേഹം മാണ്ഡ്യയിലെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ജംഷിദിന്റെ മരണത്തിൽ സുഹൃത്തുക്കൾക്ക് പങ്കുണ്ടെന്നും ഇവർ ലഹരിമാഫിയയുടെ ഭാഗമാണെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഒമാനിൽ ജോലി ചെയ്യുന്ന ജംഷിദ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മടങ്ങാനിരിക്കെയാണ് ശനിയാഴ്ചയാണ് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എന്ന് പറഞ്ഞ് കർണാടകയിലേക്ക് പോയത്. കൂടെ സുഹൃത്ത് അഫ്സലും അവന്റെ സുഹൃത്തുക്കളുമാണ് ഉള്ളതെന്നായിരുന്നു ജംഷിദ് വീട്ടിൽ പറഞ്ഞിരുന്നത്.

എന്നാൽ, യാത്രയ്ക്കിടെ ഫോൺ നഷ്ടപ്പെട്ടെന്ന് പറഞ്ഞ് ഞായറാഴ്ച രാവിലെ വീട്ടിലേക്ക് വിളിച്ചു. ഒരു കടയിൽ നിന്നാണ് വിളിക്കുന്നതെന്നും അങ്ങോട്ട് വിളിച്ചാൽ കിട്ടില്ലെന്നും അറിയിച്ചു. ശേഷം രണ്ട് ദിവസം കഴിഞ്ഞ് വീട്ടിലേക്ക് വീണ്ടും വിളിച്ച ജംഷിദ് കൂട്ടുകാരെ കാണാനില്ലെന്നും കയ്യിൽ പൈസയില്ലെന്നും അഫ്‌സലിന്റെ നമ്പർ വേണമെന്നും അറിയിച്ചു.

തുടർന്ന് വീട്ടുകാർ കൂടെ അഫ്സൽ ഇല്ലേ എന്ന് ചോദിച്ചപ്പോൾ അഫ്സൽ ഒപ്പമില്ലെന്ന് പറഞ്ഞെന്നും 1000 രൂപ അക്കൗണ്ടിൽ ഇട്ടുനൽകിയ ശേഷം ജംഷിദിനോട് തിരിച്ച് ട്രെയിൻ കയറാൻ പറഞ്ഞിരുന്നെന്നും ജംഷിദിന്റെ പിതാവ് മുഹമ്മദ് പറയുന്നു.

പിന്നീട് വീട്ടുകാരുടെ അന്വേഷണത്തിലാണ് ജംഷിദ് പോയത് അഫ്സലിനൊപ്പം അല്ലെന്നും ഫെബിൻഷാ, റിയാസ് എന്നിവർക്കൊപ്പമാണെന്നും മനസ്സിലാക്കിയത്. ഫെബിൻ ഷായുടെ നമ്പർ സംഘടിപ്പിച്ച് വിളിച്ചപ്പോൾ കുഴപ്പമൊന്നും ഇല്ലെന്നും ബുധനാഴ്ച നാട്ടിലെത്തുമെന്നുമാണ് പറഞ്ഞതെന്നും പിതാവ് മുഹമ്മദ് പറയുന്നു.

ALSO READ- കലോത്സവത്തിൽ നൃത്തത്തിൽ ഒന്നാം സമ്മാനവുമായി മടങ്ങി; പിന്നെ സഹപാഠികൾ കേട്ടത് അമയയുടെ വിയോഗ വാർത്ത; ഞെട്ടൽ

എന്നാൽ ഏതാനും മണിക്കൂറുകൾക്ക് ശേഷം ഫെബിൻ ഷാ നാട്ടിലുള്ള ഒരു പൊതുപ്രവർത്തകന്റെ ഫോണിലേക്ക് വിളിച്ച് അപകടം പറ്റിയെന്നും ജംഷിദിന്റെ ബന്ധുക്കളേയും കൂട്ടി മാണ്ഡ്യയിലെത്തണമെന്നും അറിയിക്കുകയായിരുന്നു. അവിടെയെത്തിയപ്പോഴാണ് ജംഷിദ് മരിച്ചതായി അറിയുന്നത്. ചോദിച്ചപ്പോൾ യാത്രയ്ക്കിടെ മദ്ദൂർ എന്ന സ്ഥലത്ത് കാർ നിർത്തി ഉറങ്ങിയെന്നും ഉണർന്നപ്പോൾ ജംഷിദിനെ കണ്ടില്ലെന്നുമാണ് സുഹൃത്തുക്കൾ പറഞ്ഞത്.

തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ജംഷിദിനെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടതെന്നും സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ ഇത് കള്ളമാണെന്ന് ജംഷിദിന്റെ കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ പോലീസിന്റെ നടപടികളിലും കുടുംബത്തിന് വിശ്വാസമില്ല. കേസിൽ എഫ്‌ഐആർ ഇടാൻപോലും പോലീസിന് 10,000 രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നെന്നും ജംഷിദിന്റെ പിതാവ് പറയുന്നു.

ജംഷിദിന്റെ കൂടെയുണ്ടായിരുന്ന റിയാസിന് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നും റിയാസിനെ അടുത്തിടെ ലഹരിവസ്തുക്കളുമായി പോലീസ് പിടികൂടിയിരുന്നുവെന്നും മുഹമ്മദ് പിതാവ് ആരോപിച്ചു. ലഹരിക്കടത്തിന് വേണ്ടി ഇവർ ജംഷിദിനെ ചതിക്കുകയായിരുന്നുവെന്നും കാർ ഇടിച്ചു കൊലപ്പെടുത്തിയ ശേഷം റെയിൽവേ ട്രാക്കിൽ ഇട്ടതാകാമെന്നുമാണ് കുടുംബത്തിന്റെ സംശയം. ജംഷിദിന്റെ ശരീരത്തിലുള്ള മുറിവുകൾ ട്രെയിൻ തട്ടിയുണ്ടായ രീതിയിലുള്ളതല്ലെന്നാണ് ഇവർ പറയുന്നത്. മൃതദേഹം തിരക്കിട്ട് പോസ്റ്റ്മോർട്ടം നടത്തിയതിൽ ദുരൂഹതയുണ്ട്.

ALSO READ- അജയ്യരായ ഓസീസിന്റെ കരുത്ത്; ആൻഡ്രൂ സൈമണ്ട്‌സിന്റെ വിയോഗത്തിൽ ഞെട്ടൽ മാറാതെ ക്രിക്കറ്റ് ലോകം

അതേസമയം, ജംഷിദ് ട്രെയിനിനു മുന്നിലേക്കു ചാടിയെന്നാണ് പോലീസുകാർ പറയുന്നത്. ജംഷിദിന്റേത് ആത്മഹത്യയാണെന്നും എൻജിൻ ഡ്രൈവർ ഇത് കണ്ടെന്നുമാണ് മാണ്ഡ്യ പോലീസ് വിശദീകരിക്കുന്നത്.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മാണ്ഡ്യ പോലീസ് അറിയിച്ചു

Exit mobile version