‘ഇത് കേരളത്തിന്റെ വിജയം, യൂത്ത്‌ലീഗ് പരാതിയുമായി മുന്നോട്ടുവന്നത് നാടിന്റെ ആവശ്യമായതിനാല്‍’: പിസി ജോര്‍ജിനെതിരെ പൊലീസ് സ്വീകരിച്ച നടപടി തികച്ചും സ്വാഗതാര്‍ഹമെന്ന് പികെ ഫിറോസ്

എറണാകുളം: വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ പൊലീസ് സ്വീകരിച്ച നടപടി തികച്ചും സ്വാഗതാര്‍ഹമെന്ന് യുത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. നാടിന്റെ ആവശ്യമായതിനാലാണ് യൂത്ത് ലീഗ് പരാതിയുമായി മുന്നോട്ടു വന്നതെന്നും ഇത് കേരളത്തിന്റെ വിജയമാണെന്നും ഫിറോസ് പറഞ്ഞു.

പിസി ജോര്‍ജിന് എതിരായ പൊലീസ് നടപടിക്ക് പിന്നാലെ ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് എതിരായ നടപടികള്‍ നാടിന്റെ ആവശ്യമായി കണ്ടാണ് യൂത്ത് ലീഗ് പരാതിയുമായി രംഗത്ത് എത്തിയതെന്നും ഇത്തരം പരാമര്‍ശം ആര് നടത്തിയാലും നടപടി ഉണ്ടാവേണ്ടതുണ്ടെന്നും പികെ ഫിറോസ് ചൂണ്ടിക്കാട്ടി.

also read : സോഷ്യല്‍ മീഡിയ താരം കിലി പോളിന് നേരെ അജ്ഞാതരുടെ ആക്രമണം

ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന നിലയില്‍ മുന്‍പും ഇത്തരത്തില്‍ പിസി ജോര്‍ജ് ഉള്‍പ്പെടെയുള്ളവരില്‍ നിന്നും പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. അത്തരം സംഭവങ്ങളില്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഇവ ആവര്‍ത്തിക്കുന്നത്. ഇപ്പോഴെങ്കിലും അദ്ദേഹത്തിന് എതിരെ നടപടി എടുക്കാന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണെന്ന് പികെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.

ഹിന്ദു മഹാസമ്മേളത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മുസ്ലീം സമുദായത്തിനെതിരെ പി സി ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശം. ഹോട്ടല്‍ വ്യവസായം നടത്തുന്ന മുസ്ലിങ്ങള്‍ വന്ധ്യത വരുത്താനുള്ള മരുന്ന് പാനീയങ്ങളില്‍ കലര്‍ത്തുന്നുണ്ട്. ഇത്തരം ആളുകള്‍ മുസ്ലിം ജനസംഖ്യ വര്‍ദ്ധിപ്പിച്ച് മുസ്ലിം രാജ്യമാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശം.

Exit mobile version