അധ്യാപകനും കുടുംബവും സഞ്ചരിച്ച കാര്‍ പിക്കപ്പിന് പിന്നില്‍ ഇടിച്ചുകയറി, അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

കോഴിക്കോട്: നിര്‍ത്തിയിട്ട പിക്കപ്പിന് പിന്നില്‍ കാര്‍ ഇടിച്ച് കയറി അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര വാല്യക്കോടാണ് സംഭവം. പേരാമ്പ്ര സ്വദേശികളായ ശ്രീജ (51), മകള്‍ അഞ്ജന (24) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ അദ്ധ്യാപകന്‍ സുരേഷ് കുമാറിന് ഗുരുതരമായി പരിക്കേറ്റു. പേരാമ്പ്ര സ്വദേശിയായ അധ്യാപകനും കുടുംബവും സഞ്ചരിച്ച കാര്‍ കോഴിയെ കൊണ്ടുപോകുന്ന പിക്കപ്പിന് പിന്നില്‍ ഇടിക്കുകയായിരുന്നു. പേരാമ്പ്രയില്‍ നിന്ന് മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോകവെയാണ് അപകടം.

also read: നിജിലിന്റെ ഭാര്യയുടെ സുഹൃത്താണ് രേഷ്മ, പ്രതിക്ക് വാടകയ്ക്ക് വീട് നൽകിയത് എഗ്രിമന്റ് തയ്യാറാക്കി, സൈബർ ആക്രമണങ്ങൾക്കെതിരെ കുടുംബം

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ കാര്‍ തകര്‍ന്നു. കാറിന്റെ മുന്‍വശം പൂര്‍ണമായും പിക്കപ്പിനുള്ളിലേക്ക് ഇടിച്ചു കയറി. വാല്യക്കോട് അഗ്രികര്‍ച്ചറല്‍ സൊസൈറ്റിക്ക് സമീപമാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ അമ്മയെയും മകളെയും നാട്ടുകാര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു.

എന്നാല്‍ രണ്ടുപേരുടെയും ജീവന്‍ രക്ഷിക്കാനായില്ല. ഇവരുടെ മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Exit mobile version