‘അഹിന്ദു ആയതിനാൽ വിലക്ക്, വിവാഹശേഷം മതം മാറിയോ എന്ന് ചോദ്യവും’; കൂടൽമാണിക്യ ക്ഷേത്രത്തിലെ നൃത്ത പരിപാടിയിൽ നിന്നും ഒഴിവാക്കിയെന്ന് മൻസിയ

തൃശൂർ: കൂടൽമാണിക്യ ക്ഷേത്രത്തിലെ നൃത്തപരിപാടിയിൽ നിന്നും നോട്ടീസിൽ പേരടിച്ചുവന്നതിന് ശേഷം ഒഴിവാക്കിയെന്ന ആരോപണവുമായി നർത്തകി വിപി മൻസിയ രംഗത്ത്. അഹിന്ദുവാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്നാണ് മൻസിയ പറയുന്നത്.

also read- സംശയം കടുത്തു, കുട്ടികളെ വീട്ടിൽ നിന്നും മാറ്റി ഭാര്യയുടെ കഴുത്തറുത്തു; പ്രവാസിയായ ജാസ്മിർ അറസ്റ്റിൽ, ഭാര്യ ഗുരുതരാവസ്ഥയിൽ

ഏപ്രിൽ 21ന് വൈകീട്ട് നാലു മുതൽ അഞ്ച് വരെയെന്ന് നേരത്തെ അറിയിച്ച പരിപാടിയാണ് നടത്താൻ സാധിക്കില്ലെന്ന് ക്ഷേത്രഭാരവാഹികളിൽ ഒരാൾ വിളിച്ചറിയിച്ചതെന്ന് ഇവർ പറയുന്നു. അഹിന്ദു ആയതിനാൽ നൃത്തം അവതരിപ്പിക്കാൻ കഴിയില്ലെന്ന് അറിയിക്കുയായിരുന്നു. വിവാഹം കഴിഞ്ഞതോടെ മതം മാറിയോ എന്ന ചോദ്യവും ഉണ്ടായെന്ന് ഫേസ്ബുക്കിലൂടെ മൻസിയ അറിയിച്ചു.

വർഷങ്ങൾക്ക് മുമ്പ് ഗുരുവായൂർ ഉത്സവത്തിനോട് അനുബന്ധിച്ച് ലഭിച്ച അവസരവും ഇതേ കാരണത്താൽ നിഷേധിച്ചിരുന്നുവെന്നും പോസ്റ്റിൽ പറഞ്ഞു. അതേസമയം, ദീപ നിശാന്ത്, ഹരീഷ് ശിവരാമകൃഷ്ണൻ ഉൾപ്പടെയുള്ള സാംസ്‌കാരിക പ്രവർത്തകരും സോഷ്യൽമീഡിയ ആക്ടിവിസ്റ്റുകളും മൻസിയയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കലയിൽ മതം കലർത്തരുതെന്ന് സോഷ്യൽമീഡിയ ആവർത്തിക്കുന്നു.

മൻസിയ വിപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ‘നൃത്തോൽസവത്തിൽ’ ഏപ്രിൽ 21 വൈകീട്ട് 4 മുതൽ 5 വരെ ചാർട്ട് ചെയ്ത എന്റെ പരിപാടി നടത്താൻ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളിൽ ഒരാൾ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാൻ സാധിക്കില്ലത്രേ. നല്ല നർത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് മാറിയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാൻ എങ്ങോട്ട് മതം മാറാൻ. ഇത് പുതിയ അനുഭവം ഒന്നുമല്ല. വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താൽ ക്യാൻസൽ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.

മതേതര കേരളം??

ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രം.

Exit mobile version