മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മലപ്പുറം: മുസ്ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (74) വിടവാങ്ങി. അർബുദബാധയെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സമസ്ത വൈസ് പ്രസിഡന്റും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും കൂടിയാണ് തങ്ങൾ.

1947 ജൂൺ 15-ന് പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനായി ജനനം. 2009 ഓഗസ്റ്റിൽ സഹോദരൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്ന് മുസ്ലിംലീഗ് അധ്യക്ഷപദവി ഏറ്റെടുത്തു. 13 വർഷത്തോളമായി ഈ പദവിയിൽ തുടർന്നുവരികയായിരുന്നു. 25 വർഷത്തോളം മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നു.

also read- മുഖ്യമന്ത്രി സഞ്ചരിച്ച വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; മമതാ ബാനർജിക്ക് മുതുകിന് പരിക്ക്, റിപ്പോർട്ട് തേടി ബംഗാൾ സർക്കാർ

പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലെ പഠനകാലത്ത് വിദ്യാർഥി സംഘടനയായ നൂറുൽ ഉലമയുടെ പ്രസിഡന്റായാണ് സംഘടനാ പ്രവർത്തനങ്ങളുടെ തുടക്കം. 1973-ൽ സമസ്തയുടെ വിദ്യാർഥി സംഘടനയായ എസ്എസ്എഫ് രൂപീകരിച്ചപ്പോൾ അതിന്റെ സ്ഥാപക പ്രസിഡന്റായി. 1979-വരെ ഈ പദവിയിൽ തുടർന്നു. 1983-ലാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകുന്നത്. രണ്ടര പതിറ്റാണ്ടിന് ശേഷം സഹോദരന്റെ ഒഴിവിൽ സംസ്ഥാന അധ്യക്ഷ പദത്തിലേക്കും എത്തി.

നിരവധി മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അഗതി അനാഥ മന്ദിരങ്ങളുടേയും സംഘടനകളുടേയും അധ്യക്ഷനും മഹല്ലുകളുടെ ഖാസിയും കൂടിയാണ് തങ്ങൾ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗം കൂടിയായിരുന്നു.

കൊയിലാണ്ടി അബ്ദുല്ല ബാഫഖി തങ്ങളുടെ മകൾ ശരീഫ ഫാത്തിമ സുഹറയാണ് ഭാര്യ. മക്കൾ: നയീം അലി ശിഹാബ് തങ്ങൾ, മുയീൻ അലി ശിഹാബ് തങ്ങൾ, സാജിദ, ശാഹിദ. മരുമക്കൾ: നിയാസ് അലി ജിഫ്രി, സയ്യിദ് ഹബീബ് സഖാഫ്. പരേതരായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. മറ്റു സഹോദരങ്ങൾ: സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, കുഞ്ഞിബീവി.

Exit mobile version