പൊറോട്ട കഴിച്ച് മല കയറി, ദാഹിച്ചതോടെ കൂട്ടുകാർ തിരിച്ചുപോയി, കയറിയ വഴിയിലൂടെ തിരിച്ചിറങ്ങാതെ എളുപ്പവഴി നോക്കി കുടുങ്ങി; മുകളിൽ നിന്ന് എല്ലാം നോക്കി കണ്ടെന്ന് ബാബു

പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ പൊത്തിൽ കുടുങ്ങിയ ബാബു താൻ അകപ്പെട്ടതെങ്ങനെയെന്ന് വെളിപ്പെടുത്തിയതായി ഉമ്മ റഷീദ. ബാബു സംഭവിച്ച എല്ലാ കാര്യങ്ങളും തന്നോട് പറഞ്ഞു, മലകയറി തിരിച്ചിറങ്ങുമ്പോഴാണ് കുടുങ്ങിപോയതെന്ന് ബാബു പറഞ്ഞെന്നും ഉമ്മ അറിയിച്ചു. ആദ്യം സ്വയം രക്ഷപ്പെടാൻ ശ്രമം നടത്തി. എന്നാൽ ഒരു മാർഗവും ഉണ്ടായിരുന്നില്ല. മുകളിലേക്ക് കയറി, തിരിച്ചിറങ്ങുന്നതിനിടെ കാൽ വഴുതി ഗുഹയിലേക്ക് പതിക്കുകയായിരുന്നു.

ALSO READ- പ്രമുഖ വ്യാപാരി കുടുംബത്തിൽ ജനനം, വ്യാപാരികളുടെ ശബ്ദമായി മൂന്ന് പതിറ്റാണ്ട് പ്രവർത്തനം; ടി നസറുദ്ദീന്റെ വിട വാങ്ങൽ വ്യാപാരികൾക്ക് തീരാനഷ്ടം

പകൽ സമയത്ത് ഗുഹയിൽ പകൽ ചൂട് അസഹനീയമായിരുന്നു. ഇതേ തുടർന്നാണ് രക്ഷാപ്രവർത്തനം നടന്ന ദിവസം ആദ്യമുണ്ടായിരുന്ന ഗുഹയിൽ നിന്ന് 10 അടിയോളം താഴ്ചയിലേക്ക് ഊർന്നിറങ്ങിയതെന്നും ബാബു വെളിപ്പെടുത്തി. നല്ല തണുപ്പും ചൂടും അനുഭവിച്ചിട്ടുണ്ട്. വെള്ളത്തിന് വേണ്ടിയാണ് ഏറെ ബുദ്ധിമുട്ടിയത്. എല്ലാവരും എത്തിയതോടെ രക്ഷപ്പെടുമെന്ന പ്രതീക്ഷയായി. ആദ്യം ഹെലികോപ്ടർ എത്തിയപ്പോൾ വെള്ളം കിട്ടുമെന്ന ഉറച്ച് പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് നിരാശപ്പെട്ടു.’

‘ഉച്ചയ്ക്ക് പൊറോട്ട കഴിച്ചിരുന്നെന്നാണ് പറഞ്ഞത്. അതിന് ശേഷം ഒരു ഭക്ഷണവും കഴിച്ചിരുന്നില്ല. മുകളിൽ നിന്ന് എന്നെയടക്കം കണ്ടെന്നാണ് അവൻ പറഞ്ഞത്. ഞാൻ ഉറക്കെ സംസാരിച്ചതു കേട്ടെന്നും പറഞ്ഞു. സ്വയം തിരിച്ചിറങ്ങാനുള്ള ശ്രമവും ഇതിനിടെ നടത്തിയിരുന്നു. ഒരു ഗുഹയിൽ നിന്ന് മറ്റൊരു ഗുഹയിലേക്ക് ഇതിനിടെ ഇറങ്ങുകയും ചെയ്തു. സൈന്യത്തെ കണ്ടപ്പോൾ അവന് ഏറെ സമാധാനമായി. മൂന്നാമത്തെ ഗുഹയിൽ നിന്നാണ് സൈന്യം അവനെ രക്ഷപ്പെടുത്തിയത്’,

ALSO READ- പൊതുചടങ്ങില്‍ പ്രാര്‍ഥനാഗാനം ആലപിച്ച് തട്ടമിട്ട വിദ്യാര്‍ഥിനികള്‍: കര്‍ണാടകയ്ക്ക് കേരളത്തിന്റെ രാഷ്ട്രീയ മറുപടി

‘പഴയ രീതിയിൽ തന്നെ ഇപ്പോൾ സംസാരിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും സംസാരിച്ചു. മുകളിലേക്ക് കയറിയതിന് ശേഷം തിരിച്ചിറങ്ങുന്ന ഘട്ടത്തിൽ ഒരു കല്ലിൽ ചവിട്ടി. ഇത് വഴുതി താഴേക്ക് വീണുപോയി എന്നാണ് പറഞ്ഞത്. വെറുതെ പോയതാണ്. അവിടെയുള്ള ക്ഷേത്രത്തിൽ സാധാരണ ചില ആളുകൾ പോകാറുണ്ട്. ഒപ്പമുണ്ടായിരുന്ന കുട്ടികൾ പാതി വഴിയിലെത്തിയപ്പോൾ വെള്ളത്തിന് ദാഹിക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോൾ അവരെ തിരിച്ചയച്ചു. ഞാൻ മുകളിലേക്ക് പോകുകയാണെന്ന് പറഞ്ഞു. കയറിയ വഴിയിലൂടെ അല്ല ഇറങ്ങിയത്. കയറിയ വഴിയിലൂടെ തന്നെ ഇറങ്ങിയിരുന്നെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. തിരിച്ചിറങ്ങുമ്പോൾ എളുപ്പവഴി നോക്കിയതാണ്.’-ബാബുവിന്റെ ഉമ്മ പറയുന്നു.

അതേസമയം, വെള്ളവും ഭക്ഷണവുമില്ലാതെ 45 മണിക്കൂറോളം മലമ്പുഴ കൂർമ്പാച്ചി മലയിടുക്കിൽ ഒറ്റപ്പെട്ടുകഴിഞ്ഞ ബാബു ആരോഗ്യനില ഏറെക്കുറെ വീണ്ടെടുത്തിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയുന്ന ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Exit mobile version