പ്രമുഖ വ്യാപാരി കുടുംബത്തിൽ ജനനം, വ്യാപാരികളുടെ ശബ്ദമായി മൂന്ന് പതിറ്റാണ്ട് പ്രവർത്തനം; ടി നസറുദ്ദീന്റെ വിട വാങ്ങൽ വ്യാപാരികൾക്ക് തീരാനഷ്ടം

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ (78) വിടവാങ്ങിയതോടെ നിലച്ചത് വ്യാപാരികളുടെ മൂന്ന് പതിറ്റാണ്ടായുള്ള ശബ്ദമാണ്. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ടി നസറുദ്ദീൻ വിടവാങ്ങിയത്. വ്യക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദേഹാസ്വാസ്യത്തെ തുടർന്ന് വ്യാഴാഴ്ച രാത്രിയോടെയാണ് നസറുദ്ദീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കേരളത്തിലെ വ്യാപാരികളെ സംഘടിത ശക്തിയാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം 1991 മുതൽ മൂന്നുപതിറ്റാണ്ടായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിച്ചു വരികയായിരുന്നു. കേരളത്തിൽ വ്യാപാരികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഒട്ടേറെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി.

ALSO READ- പൊതുചടങ്ങില്‍ പ്രാര്‍ഥനാഗാനം ആലപിച്ച് തട്ടമിട്ട വിദ്യാര്‍ഥിനികള്‍: കര്‍ണാടകയ്ക്ക് കേരളത്തിന്റെ രാഷ്ട്രീയ മറുപടി

1980ൽ മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് ജനറൽ സെക്രട്ടറിയായാണ് സംഘടനാ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡൽ സീനിയർ വൈസ് പ്രസിഡന്റ്, കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ, സംസ്ഥാനസർക്കാരിന്റെ ട്രേഡേഴ്സ് വെൽഫെയർ ബോർഡ് ചെയർമാൻ,സംസ്ഥാന വാറ്റ് ഇംപ്ലിമെന്റേഷൻ കമ്മിറ്റിയംഗം, ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ബോർഡ് അംഗം, വ്യവസായ ബന്ധസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഏകോപന സമിതിക്കു കീഴിൽ ഷെഡ്യൂൾഡ് ബാങ്ക് പദവിയുള്ള കേരള മർക്കന്റൈൽ സഹകരണബാങ്ക് സ്ഥാപിച്ചത് നസറുദ്ദീനാണ്. ദീർഘകാലം അതിന്റെ ചെയർമാനുമായിരുന്നു.

1944-ൽ കണ്ണൂരിലെ പ്രമുഖ വ്യാപാരിയായ ടികെ മഹമ്മൂദിന്റെയും അസ്മാബിയുടെയും മകനായാണ് ജനനം. ഹൈസ്‌ക്കൂൾ പഠനത്തിന് ശേഷം വ്യാപര മേഖലയിലേക്ക് കടന്നു.

ALSO READ- ‘യുപി കേരളമായാല്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ-സാമൂഹിക ക്ഷേമവും ആസ്വദിക്കാം; മതവും ജാതിയും ജീവനെടുക്കില്ല’: യോഗിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ഭാര്യ: ജുബൈരിയ. മക്കൾ: മുഹമ്മദ് മൻസൂർ ടാംടൺ(ബിസിനസ്), എൻമോസ് ടാംടൺ(ബിസിനസ്), അഷ്‌റ ടാംടൺ, അയ്ന ടാംടൺ (ചാർട്ടേഡ് അക്കൗണ്ടന്റ്). മരുമക്കൾ: ആസിഫ് പുനത്തിൽ(പൈലറ്റ് സ്‌പൈസ് ജെറ്റ്), ലൗഫീന മൻസൂർ (പാചകവിദഗ്ധ), റോഷ്‌നാര, നിസ്സാമുദ്ദീൻ (ബിസിനസ്, ഹൈദരാബാദ്).

സഹോദരങ്ങൾ: ഡോ. ഖാലിദ്(യുകെ), ഡോ. മുസ്തഫ (യുഎസ്), മുംതാസ് അബ്ദുള്ള(കല്യാൺ കേന്ദ്ര), ഹാഷിം (കംപ്യൂട്ടർ അനലിസ്റ്റ്, യുഎസ്), അൻവർ(ബിസിനസ്) പരേതനായ ടാംടൺ അബ്ദുൽ അസീസ്, പരേതനായ െപ്രാഫ. സുബൈർ, പരേതനായ ടിഎ മജീദ് (ഫാർമ മജീദ്, ഫെയർഫാർമ).

കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാര സ്ഥാപനമായ ബ്യൂട്ടി സ്റ്റോഴ്സിന്റെ ഉടമയാണ്. ഖബറടക്കം വെള്ളിയാഴ്ച വൈകീട്ട് നടക്കും. നസറുദ്ദീനോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.

Exit mobile version