ഇളവെയില്‍ കൊണ്ടുറങ്ങി അമ്മയാനയും കുട്ടിയാനും: ഒരു മണിക്കൂര്‍ കാവല്‍ നിന്ന് ആനക്കൂട്ടവും

അടിമാലി: ഇളവെയില്‍ കൊണ്ടുറങ്ങിയ അമ്മയാനയ്ക്കും കുട്ടിയാനയ്ക്കും ഒരു മണിക്കൂറോളം കാവല്‍ നിന്ന് ആനക്കൂട്ടം. കാട്ടാനകളുടെ വിഹാരകേന്ദ്രമായ മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്ത് വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു ഈ മനോഹരകാഴ്ച.

കൂട്ടത്തിലെ കുട്ടിയാന ആദ്യം കിടന്നു. പിന്നാലെ അമ്മയും. പിന്നെ പരിസരം പോലും നോക്കാതെ പകല്‍ ഉറക്കം. മുട്ടിച്ചേര്‍ന്നുള്ള അമ്മയും കുഞ്ഞും ഇളവെയില്‍ കൊണ്ടങ്ങനെ ഉറക്കമായി. ഉണരുന്നതുവരെ ഇരുപതോളം വരുന്ന കാട്ടാനക്കൂട്ടം കാവല്‍നിന്നു.

സാധാരണ വൈകുന്നേരങ്ങളില്‍ എത്തുന്ന ആനക്കൂട്ടം വെള്ളിയാഴ്ച രാവിലെ എത്തി.
ഇരുപതോളം ആനകള്‍ ഉണ്ടായിരുന്നു. ഇതില്‍ തള്ള ആനയും കുഞ്ഞും ഉറക്കമായതോടെ ഇരുപതോളം വരുന്ന ആനക്കൂട്ടം അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന അവസ്ഥയിലായി. പിന്നെ ആനക്കൂട്ടം കിടന്ന അമ്മയ്ക്കും കുഞ്ഞിനും കാവല്‍ നില്‍ക്കുന്നതു പോലെ വട്ടംചുറ്റി നടക്കാന്‍ തുടങ്ങി.

എന്താണ് ആനക്കൂട്ടം നില്‍ക്കാന്‍ കാരണമെന്ന് കാഴ്ചക്കാര്‍ക്ക് പെട്ടെന്ന് മനസ്സിലായില്ല. പരിസരം നന്നായി വീക്ഷിച്ചപ്പോഴാണ് കുഞ്ഞും തള്ളയാനയും പുല്‍പരപ്പില്‍ കിടന്ന് ഉറങ്ങുന്നത് കാണികളുടെ ശ്രദ്ധയില്‍പ്പെട്ടത്. ആനയ്ക്കും കുഞ്ഞിനും ഓരിലെ വെള്ളം കുടിച്ച് മത്തായതായിരിക്കാം എന്ന സംശയമാണ് ആദ്യം നാട്ടുകാര്‍ക്കുണ്ടായത്.

ഇളവെയില്‍ കൊണ്ട് ഏകദേശം ഒരു മണിക്കൂറുറോളം ഉറക്കംകഴിഞ്ഞ് തള്ളയും കുഞ്ഞും ഉണര്‍ന്നതോടെ ആനക്കൂട്ടം വീണ്ടും യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായി. പിന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ ആനക്കൂട്ടം അപ്രത്യക്ഷമായി. കാണികള്‍ ആനകളെ കാണാന്‍ നില്‍ക്കാറുള്ള പാതയോരത്തുനിന്ന് കഷ്ടിച്ച് 15 മീറ്ററോളം അകലത്തിലായിരുന്നു അമ്മ ആനയുടെയും കുഞ്ഞിന്റെയും പകല്‍ ഉറക്കം. വേനല്‍ കടുത്തതോടെ ആനക്കുളത്തേക്ക് എത്തുന്ന കാട്ടാനകളുടെ എണ്ണം ദിനംപ്രതി കൂടിവരുന്നുണ്ട്.

Exit mobile version