500 വർഷം പഴക്കമുള്ള ക്ഷേത്രത്തിനുള്ള റോഡിനായി സൗജന്യമായി സ്ഥലം വിട്ടു നൽകി സമീപത്തെ മുസ്ലിം ഭൂവുടമകൾ; കൈയ്യേറ്റക്കാരാണ് ഭൂമി തിരിച്ച് പിടിക്കണമെന്ന് അഡ്വ.കൃഷ്ണരാജ്

മലപ്പുറം: അഞ്ഞൂറു വർഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കു റോഡ് നിർമിക്കാൻ സൗജന്യമായി സ്ഥലം വിട്ടു നൽകിയ സമീപവാസികൾക്ക് അഭിനന്ദനവുമായി നാടൊന്നാകെ എത്തിയതിനിടെ വിദ്വേഷപ്രചാരണവും സജീവം. മലപ്പുറത്തെ കൂട്ടിലങ്ങാടി കടുങ്ങൂത്ത് മഹാദേവ ക്ഷേത്രത്തിന്റെ പുനരുദ്ധാരണമാണ് നാട്ടുകാരുടെ സഹകരണത്തോടെ നടക്കാനിരിക്കുന്നത്. ക്ഷേത്രത്തിലേക്ക് വഴിയൊരുങ്ങിയതോടെ അടുത്തഘട്ടത്തിൽ പുനരുദ്ധാരണവും നടക്കും.

അഞ്ചു നൂറ്റാണ്ടു പഴക്കമുള്ള കൂട്ടിലങ്ങാടിയിലെ കടുങ്ങൂത്ത് മഹാദേവ ക്ഷേത്രത്തിലേക്കു ശരിയായ വഴിയുണ്ടായിരുന്നില്ല. സമീപത്ത് നിരവധി ഭൂവുടമകൾ ഉള്ളതിനാൽ തന്നെ വഴി നിർമ്മിക്കൽ പ്രയാസകരവുമായിരുന്നു. എന്നാൽ വഴിയൊരുക്കാനുള്ള ശ്രമങ്ങളുടെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങൾ ചിലർ നടത്തുകയും ചെയ്തെന്ന് പ്രദേശവാസികൾ പറയുന്നു.

മതസൗഹാർദം നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി മഞ്ഞളാംകുഴി അലി എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലാകളക്ടറുടെ അനുമതിയോടെ പഞ്ചായത്ത് അധികൃതരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും മലബാർ ദേവസ്വം ബോർഡ് പ്രതിനിധികളുടെയും സാന്നിധ്യത്തിൽ പ്രദേശവാസികളുടെ യോഗം ചേർന്നിരുന്നു. യോഗത്തിൽ വച്ച് മുസ്ലിംകളായ ഭൂ ഉടമകൾ ക്ഷേത്രത്തിലേക്കുള്ള വഴിക്കു ഭൂമി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചു.

ചെറയകുത്ത് അബൂബക്കർ ഹാജി, എം ഉസ്മാൻ
എന്നിവരാണ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത്. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ നിന്ന് ക്ഷേത്രത്തിലേക്ക് 60 മീറ്റർ നീളത്തിലും 10 അടി വീതിയിലുമാണ് റോഡ് നിർമിക്കുന്നത്.

also read- കരിമ്പ് കൃഷി വൻദുരന്തമായി, കൂട്ടിയിട്ട് കത്തിക്കാനൊരുങ്ങിയ ഈ കർഷകൻ ഭാര്യയുടെ വാക്ക് വിശ്വസിച്ചു; ഇന്ന് വിനാഗിരി വിറ്റ് സമ്പാദിക്കുന്നത് കോടികൾ; ഒപ്പം തൊഴിലർഹിതർക്ക് ജോലിയും ഉറപ്പ്

അതേസമയം, ക്ഷേത്രത്തിനായി വഴിയൊരുങ്ങിയതിനെ സംബന്ധിച്ച് അവകാശവാദങ്ങളുമായി സംഘപരിവാർ അഭിഭാഷകനായ അഡ്വ. കൃഷ്ണരാജും രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് വഴി വിട്ടുനൽകുകയായിരുന്നു എന്നത് നാടകമായിരുന്നെന്നും നിയമവഴിയിലൂടെ പിടിച്ചെടുക്കുകയായിരുന്നു ഭൂമിയെന്നുമാണ് അഭിഭാഷകന്റെ ഭാഷ്യം.

ഇനിയുള്ളത് ക്ഷേത്ര പുനരുദ്ധാരണമാണെന്നും പിന്നെ 116 ഏക്കർ ക്ഷേത്ര ഭൂമിയിലെ കയ്യേറ്റക്കരെ ചവുട്ടി പുറത്താക്കണമെന്നും അഡ്വ.കൃഷ്ണ രാജ് ഫേസ്ബുക്കിൽ കുറിച്ചു. ഭൂമി വിട്ടുനൽകിയവരെ വിമർശിച്ച് ഫേസ്ബുക്ക് ലൈവിലൂടെയും അഭിഭാഷകൻ രംഗത്തെത്തിയിട്ടുണ്ട്.

also read- ‘നിങ്ങളുടെ സ്‌നേഹവും അധ്വാനവും കൊണ്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത്’; ആരാധകന്റെ വിവാഹത്തിന് സര്‍പ്രൈസായെത്തി ആസിഫ് അലി, അഭിനന്ദിച്ച് സോഷ്യല്‍ലോകം

അതേസമയം, വിവാദങ്ങൾക്കൊന്നും ചെവി കൊടുക്കാതെ വർഷങ്ങളായി ജീർണതാവസ്ഥയിലായിരുന്ന ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നാട്ടുകാരും ക്ഷേത്രക്കമ്മിറ്റിയും ആരംഭിച്ചിരിക്കുകയാണ്. ഒരു കോടി ചെലവിലാണ് ക്ഷേത്രത്തിൽ പുനർ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

Exit mobile version