ഇത് മിഥുവിന്റെ മധുരപ്രതികാരം! ഐടിഎസ്ആര്‍ അസി.പ്രൊഫസറായി ചരിത്രം സൃഷ്ടിച്ച് ഗോത്ര വിഭാഗത്തിലെ യുവതി

കല്‍പ്പറ്റ: പഠിച്ചിറങ്ങിയ കലാലയത്തിലേക്ക് അധ്യാപികയായി വീണ്ടും കയറിച്ചെല്ലുമ്പോള്‍ മിഥുമോള്‍ക്ക് സന്തോഷമേറെയാണ്. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഗോത്രവര്‍ഗ പഠന കേന്ദ്രമായ ചെതലയം ഐടിഎസ്ആര്‍-ല്‍ ചരിത്രത്തില്‍ ആദ്യമായി ഗോത്രവര്‍ഗത്തില്‍പ്പെട്ട പൂര്‍വ്വ വിദ്യാര്‍ത്ഥിനി അധ്യാപികയായി എത്തിയിരിക്കുകയാണ്.

അസിസ്റ്റന്റ് പ്രൊഫസര്‍ ആയി മിഥു മോള്‍ എത്തുമ്പോള്‍ അത് ചെറിയൊരു മധുരപ്രതികാരം കൂടിയാണ്. തന്നെ ക്ലാസ് മുറിയിലും ഗ്രൗണ്ടിലും മരച്ചുവട്ടിലുമെല്ലാം ഒറ്റപ്പെടുത്തിയതിന്റെ പകരം വീട്ടല്‍ കൂടിയാണ് ഈ അഭിമാന നേട്ടത്തിന് പിന്നിലുള്ളത്. എംഎ സോഷ്യോളജിയില്‍ സര്‍വ്വകലാശാല തലത്തില്‍ മൂന്നാം റാങ്കും നേടിയാണ് മിഥുവിന്റെ ചരിത്ര നേട്ടവും.

കോളനിയിലെ പരിമിതസൗകര്യങ്ങളില്‍ നിന്ന് അവള്‍ അസി. പ്രഫസറായി ചരിത്രമെഴുതുമ്പോള്‍ എല്ലക്കൊല്ലിക്കും അഭിമാന നിമിഷമാണ്. കാലിക്കറ്റ് സര്‍വകലാശാലയുടെ ഗോത്രവര്‍ഗ പഠനകേന്ദ്രമായ ചെതലയത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ചില്‍ (ഐ.ടി.എസ്.ആര്‍) അസി. പ്രഫസറായി നിയമിതയായ മിഥുമോള്‍ ഊരാളിക്കുറുമ വിഭാഗത്തില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെയാളായാണ് ചരിത്രം കുറിച്ചത്.

കാലിക്കറ്റ് സര്‍വകലാശാലയുടെ എംഎ സോഷ്യോളജി പരീക്ഷയില്‍ മൂന്നാം റാങ്കുനേടി മിടുക്കുകാട്ടിയതിന് പിന്നാലെയാണ് വയനാട്ടിലെ ആദിവാസി ജനതക്ക് അഭിമാനവും പ്രചോദനവുമായി മിഥുമോള്‍ ഉയര്‍ന്നുനില്‍ക്കുന്നത്. കേണിച്ചിറ എല്ലക്കൊല്ലി കോളനിയിലെ ബൊമ്മന്‍-വസന്ത ദമ്പതികളുടെ മകളാണ്.

വാകേരി സ്‌കൂളിലായിരുന്നു പഠനം. പ്ലസ് ടുവിന് പുല്‍പള്ളി വിജയ സ്‌കൂളില്‍. ബിരുദവും ബിരുദാനന്തര ബിരുദവും ചെതലയത്ത് ഐ.ടി.എസ്.ആറില്‍. അവിടത്തെ ആദ്യ ബാച്ചിലെ വിദ്യാര്‍ഥിനി. കൂടുതല്‍ പഠിച്ചുമുന്നേറണമെന്നല്ലാതെ, പഠനം പാതിവഴിയില്‍ ഉപേക്ഷിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്ന് മിഥു പറയുന്നു.

‘ജീവിത സാഹചര്യങ്ങള്‍ ഏറെ മോശമായിരുന്നെങ്കിലും പഠിക്കാന്‍ അച്ഛനുമമ്മയും പ്രോത്സാഹിപ്പിച്ചിരുന്നു. എനിക്കും താല്‍പര്യമേറെയായിരുന്നു. അതുകൊണ്ടുതന്നെ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കണമെന്ന ആഗ്രഹം മനസ്സിലുറപ്പിച്ചിരുന്നു’ -2019ല്‍ നെറ്റ് പാസായ ഈ 24കാരി പറയുന്നു.

‘ഞങ്ങള്‍ നാലു മക്കളാണ്. നാലു പേരും പഠിക്കാന്‍ ഒരുപാട് ആഗ്രഹമുള്ളവരായിരുന്നു. അച്ഛന്‍ ബൊമ്മനും അമ്മ വസന്തിയ്ക്കും കൂലിപ്പണിയാണ്. എന്നിട്ടും അവര് കഷ്ടപ്പെട്ട് ഞങ്ങളെ പഠിപ്പിച്ചു. ഗോത്രവിഭാഗത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ഥി എന്ന നിലയില്‍ ഒരുപാട് അവഗണനകള്‍ നേരിട്ടിട്ടുണ്ട്. സ്‌കൂളിലെ മറ്റു കുട്ടികളൊന്നും നമ്മുടെ അടുത്തേക്ക് വരില്ല. ഭക്ഷണം എല്ലാവരും പങ്കിട്ട് കഴിക്കുമ്പോള്‍ നമ്മളെ മാത്രം അകറ്റി നിര്‍ത്തും.

ഇതു എന്റെ അനുഭവം മാത്രമല്ല. ഗോത്ര വിഭാഗത്തിലെ ഓരോരുത്തരുടേതുമാണ്. ആഗ്രഹിച്ചാല്‍ നടക്കാത്തത് ആയി ഒന്നുമില്ല എന്ന് ഐടിഎസ്ആറില്‍ എത്തിയപ്പോഴാണ് മനസ്സിലായത്. ഇംഗ്ലീഷ് കൂട്ടിവായിക്കാന്‍ പോലും അറിയാത്ത അവസ്ഥയിലാണ് ഇവിടെ വന്നത്. അഞ്ചു വര്‍ഷത്തെ പഠനം എല്ലാം മാറ്റിമറിച്ചു.’ മിഥു പറയുന്നു.

‘ഐ.സി.ഡി.എസ് അംഗന്‍വാടി സൂപ്പര്‍വൈസര്‍ ലിസ്റ്റിലുണ്ട്. ജോലി കിട്ടിയാല്‍ അവധിയെടുത്ത് ബി.എഡിന് ചേരണം. പിഎച്ച്.ഡിയും എടുക്കണം. സിവില്‍ സര്‍വിസ് കടമ്പ ചാടിക്കടക്കണമെന്ന മോഹവും മനസ്സിലുണ്ട്. അതിനായി പരിശീലനം നടത്തിയിരുന്നു. കോവിഡ് വന്നതോടെ കോച്ചിങ് മുടങ്ങി. അത് പുനരാരംഭിക്കണം’ -മിഥു സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കുന്നു.

Exit mobile version