കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്‌ഐ പ്രവർത്തകരുടെ അറസ്റ്റ്; കണ്ണൂരിലും പ്രതിഷേധം; താൻ സമരക്കാരെ കണ്ടില്ലെന്ന് പരിഹസിച്ച് ഗവർണർ

മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവർണർ എത്തുന്നതിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ എസ്എഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മണിക്കൂറുകൾ കഴിഞ്ഞിട്ടും സർവകലാശാലയിൽ പ്രവർത്തകർ കൂടി നിൽക്കുകയാണ്. 500ാേളം പോലീസുകാരെ ഇറക്കിയാണ് ഗവർണർക്ക് സുരക്ഷാ സന്നാഹം ഒരുക്കിയിരിക്കുന്നത്.

അതേസമയം, കണ്ണൂരിലും എസ്എഫ്ഐ പ്രവർത്തകരും പോലീസും തമ്മിൽ കൈയ്യാങ്കളിയുണ്ടായി. കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറെ പ്രവേശിപ്പിക്കരുതെന്ന ആവശ്യവുമായി സമരം ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് കണ്ണൂരിലുണ്ടായ പ്രതിഷേധം.

പ്രവർത്തകർ ദേശീയ പാത ഉപരോധിക്കുകയും പോലീസ് അറസ്റ്റ് ചെയ്യാൻ എത്തുകയും ചെയ്തതോടെയാണ് പോലീസും പ്രവർത്തകരും തമ്മിൽ കൈയ്യാങ്കളിയുണ്ടായത്. പ്രവർത്തകർ ഗവർണറുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു.

അതേസമയം, മലപ്പുറത്ത് എസ്എഫ്‌ഐയുടെ കനത്ത പ്രതിഷേധങ്ങൾക്കിടെ കാലിക്കറ്റ് സർവകലാശാലയ്ക്കുള്ളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവേശിച്ചു. കനത്ത പൊലീസ് സുരക്ഷയിലാണ് ഗവർണർ സർവകലാശാലയിൽ പ്രവേശിച്ചത്.

ALSO READ- ‘ഏറ്റെടുക്കില്ലെന്ന് അച്ഛൻ, കൊലക്കുറ്റത്തിന് അമ്മ ജയിലിൽ’; ഷാനിഫ് കൊലപ്പെടുത്തിയ കുഞ്ഞിന് അന്ത്യയാത്ര ഒരുക്കി പോലീസ്

പ്രതിഷേധം കണക്കിലെടുത്ത് ജില്ലക്ക് പുറത്തു നിന്നും പോലീസിനെ അത്തിച്ചിട്ടുണ്ട്. ചാൻസലർ ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായാണ് എസ്എഫ്‌ഐ പോലീസിനെ നേരിട്ടത്. ഗവർണർ എത്തുന്നതിന് മുൻപ് തൊട്ട് പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. വൈകുന്നേരം സംസ്ഥാന സെക്രട്ടറി പിഎം ആർഷോയെയും മറ്റ് പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി പോലീസ് ബസ്സിൽ കയറ്റിയെങ്കിലും പ്രവർത്തകർ വീണ്ടും തിരിച്ചിറങ്ങിയിരുന്നു.

ഇതോടെ വീണ്ടും പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഴുവൻ പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. അറസ്റ്റ് ചെയ്ത എല്ലാവരെയും പിന്നീട് വിട്ടയച്ചു.

അതേസമയം, എസ്എഫ്ഐക്കാർ മുഖ്യമന്ത്രിയുടെ വാടകഗുണ്ടകളാണെന്ന് ഗവർണർ പ്രതികരിച്ചു മുഖ്യമന്ത്രി സ്പോൺസർ ചെയ്ത അതിക്രമമാണ് നടക്കുന്നത്. എസ്എഫ്ഐ പ്രതിഷേധം എവിടെയാണ്. താൻ വന്ന വഴിയിലൊന്നും പ്രതിഷേധം കണ്ടില്ലെന്നും ഗവർണർ പരിഹസിച്ചു.

Exit mobile version