പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച ഗവേഷണ വിദ്യാര്‍ത്ഥിനിക്ക് മരണാനന്തര ബഹുമതിയായി പിഎച്ച്ഡി, അമ്മയുടെ സ്വപ്‌നം ഏറ്റുവാങ്ങാന്‍ കുഞ്ഞ് ആന്‌റിയ എത്തും, വൈകാരിക മുഹൂര്‍ത്തമെന്ന് മന്ത്രി

priya| bignewslive

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച ഗവേഷണ വിദ്യാര്‍ത്ഥിനിക്ക് മരണാനന്തര ബഹുമതിയായി പി എച്ച് ഡി നല്‍കും. വിടപറഞ്ഞ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ജന്തുശാസ്ത്ര വിഭാഗം ഗവേഷണ വിദ്യാര്‍ത്ഥിനിയായിരുന്ന പ്രിയ രാജനാണ് പി എച്ച് ഡി നല്‍കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.

പ്രിയയുടെ യു കെ ജിയില്‍ പഠിക്കുന്ന മകള്‍ ആന്റിയ സര്‍വ്വകലാശാലയിലെത്തി അമ്മയുടെ പി.എച്ച്.ഡി ഏറ്റുവാങ്ങും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്. ഡോ. ബാലു ടി കുഴിവേലിയുടെ കീഴില്‍ 2011 ഓഗസ്റ്റ് 22 മുതല്‍ 2017 ഓഗസ്റ്റ് 21വരെയായിരുന്നു പ്രിയയുടെ ഗവേഷണം.

2018 ഏപ്രില്‍ 28ന് പ്രബന്ധം സര്‍വ്വകലാശാലയ്ക്ക് സമര്‍പ്പിച്ചു. അതേ വര്‍ഷം ജൂലൈ 21ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് പ്രബന്ധം അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡോക്ടറേറ്റ് ഏറ്റുവാങ്ങും മുമ്പ് പ്രിയ വിടവാങ്ങി. ഓഗസ്റ്റില്‍ പ്രസവശസ്ത്രക്രിയക്കിടെയാണ് പ്രിയ മരിച്ചത്.

ഗവേഷകയുടെ അഭാവത്തിലും പ്രബന്ധത്തിന് ഡോക്ടറേറ്റ് നല്‍കാന്‍ ഡോ. ബാലു ടി കുഴിവേലി നല്‍കിയ അപേക്ഷ സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. തൃശൂര്‍ ജില്ലയിലെ ചെമ്പൂക്കാവ് ആലക്കപ്പള്ളി എ ടി രാജന്‍ – മേഴ്‌സി ദമ്പതികളുടെ മകളായിരുന്നു പ്രിയ.

Exit mobile version