മനോഹരന്‍ ഇനി വെറും ഓട്ടോ ഡ്രൈവറല്ല, ഡോക്ടര്‍ മനോഹരന്‍

കോട്ടയം: ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയും ഡോക്ടറേറ്റ് നേടി മാതൃകയായി യുവാവ്. മുണ്ടക്കയം സ്വദേശി ഓട്ടോ ഡ്രൈവറായ മനോഹരനാണ് കേരള സര്‍വകാലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയത്.

പുലിക്കുന്ന് ടൗണിലെ ഓട്ടോ ഡ്രൈവറാണ് മനോഹരന്‍. പ്രതിസന്ധികള്‍ക്കിടയിലും പഠനത്തെ കൈവിടാതെ മനോഹരന്‍ പിന്തുടര്‍ന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മറ്റ് പല ജോലികളും ചെയ്യേണ്ടി വന്നെങ്കിലും ഒരു അധ്യാപകനാകണമെന്ന ആഗ്രഹത്തിലേക്കാണ് മനോഹരന്‍ നടന്നടുക്കുന്നത്.

എംഎയും എംഫിലുമൊക്കെ ഉയര്‍ന്ന മാര്‍ക്കില്‍ പാസായ ആളാണ് ഈ ഓട്ടോഡ്രൈവര്‍ മനോഹരന്‍. 2005 ല്‍ ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളജില്‍ നിന്ന് ബിരുദവും 2008 ല്‍ കാര്യവട്ടം ക്യാമ്പസില്‍ നിന്ന് പിജിയും എം.ഫിലും പൂര്‍ത്തിയാക്കിയ മനോഹരന് ജീവിത പ്രാരാബ്ധങ്ങളാണ് ഓട്ടോറിക്ഷ ഓടിക്കുന്നതിലേക്കും ഇടവേളകളിലെ വാര്‍ക്കപ്പണിയിലേക്കും എത്തിച്ചത്.

പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചായിരുന്നു പിഎച്ച്ഡിക്കായി തിരഞ്ഞെടുത്ത വിഷയം. ഈ പദ്ധതികളെക്കുറിച്ച് താനടക്കമുള്ള വിദ്യാര്‍ഥികള്‍ക്കുള്ള അറിവില്ലായ്മയാണ് പ്രധാന പ്രശ്‌നമെന്നും മനോഹരന്‍ പറയുന്നു. ഒരു ദിവസമെങ്കിലും വര്‍ഷങ്ങളായുള്ള ആഗ്രഹം പോലെ ഒരു അധ്യാപകനാവാന്‍ കഴിഞ്ഞാല്‍ ഇത്തരം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം

Exit mobile version