പരീക്ഷ എഴുതാതെ ഉയര്‍ന്ന മാര്‍ക്ക്: എംഎസ്എഫ് പ്രസിഡന്റ് പികെ നവാസിനെതിരെ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് പരാതി

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്
പരീക്ഷ എഴുതാതെ കോളജിനെ സ്വാധീനിച്ച് ഉയര്‍ന്ന് മാര്‍ക്ക് നേടിയതായി പരാതി.
എല്‍എല്‍ബി ഒന്നാം സെസ്റ്ററിന്റെ വൈവ പരീക്ഷയില്‍ ഒരു തവണ പോലും നവാസ് ഹാജരായില്ലെന്നും ഫലം വന്നപ്പോള്‍ മറ്റ് വിദ്യാര്‍ഥികളേക്കാള്‍ മാര്‍ക്ക് നേടിയതായിട്ടാണ് പരാതി. സഹപാഠിയായ പ്രദീപ് എന്നയാളാണ് നവാസിനെതിരെ പരാതിയുമായി സര്‍വകലാശാലയെ സമീപിച്ചിരിക്കുന്നത്.

മുസ്ലിം ലീഗ് നേതൃത്വത്തിന് സ്വാധീനമുള്ള എംസിടി കോളജ് അധികൃതരാണ് നവാസിനെ വഴിവിട്ട് സഹായിച്ചത്. കാലിക്കറ്റ് സര്‍വകലാശാലയുടെ പരാതി പരിഹാര സെല്ലിനാണ് പ്രദീപ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. ആകെ നടന്ന നാല് പരീക്ഷകളില്‍ ഒന്നുപോലും നവാസ് എഴുതിയിട്ടില്ലെന്ന് രേഖകള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്.

പരീക്ഷക്കെത്താത്ത വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നല്‍കുന്നത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. കോളജിലെ പരാതി പരിഹാര സെല്ലിന് അപേക്ഷ നല്‍കി. അവരാണ് നവാസിന് ചട്ടങ്ങള്‍ ലംഘിച്ച് മാര്‍ക്ക് അനുവദിച്ചതെന്നും പരാതിക്കാരന്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ യാതൊരു വിധത്തിലുള്ള ചട്ടലംഘനങ്ങളും നടത്തിയിട്ടില്ല എന്നാണ് കോളേജ് അധികൃതരുടെ വാദം.

നേരത്തെ നവാസിനെതിരെ ഹരിതയിലെ മുന്‍ സംസ്ഥാന നേതാക്കള്‍ ലൈംഗികാധിക്ഷേപ പരാതിയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ നവാസിനെ സംരക്ഷിക്കുകയും പരാതി നല്‍കിയ കമ്മിറ്റി പിരിച്ചു വിടുകയുമായിരുന്നു മുസ്ലിം ലീഗ് നേതൃത്വം ചെയ്തത്.

Exit mobile version