ബിജെപി ഭാരവാഹികളുടെ വിവരങ്ങൾ രേഖപ്പെടുത്താനുള്ള പട്ടികയിൽ ജാതി രേഖപ്പെടുത്താൻ കോളം; ജാതിയാണോ പ്രവർത്തനമികവാണോ വേണ്ടതെന്ന് വിമർശനം

കൊല്ലം: ഭാരവാഹികളെ തെരഞ്ഞെടുത്ത് അറിയിക്കാനായി ബിജെപി സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയ എക്‌സൽ ഷീറ്റിൽ ജാതി രേഖപ്പെടുത്താൻ കോളം നൽകിയത് വിവാദത്തിൽ. ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളുടെ പേരുവിവരം എന്നിവ രേഖപ്പെടുത്താനുള്ള ഷീറ്റിലാണ് ജാതിയും ചോദിച്ചിരിക്കുന്നത്.

പാർട്ടിയുടെ ഈ നടപടി പാർട്ടി ഘടകങ്ങളിൽ ഇത് വലിയ വിവാദമായിരിക്കുകയാണ്. മുൻപെങ്ങും ഇങ്ങനെയൊരുരീതി പാർട്ടിയിൽ ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന നേതൃത്വത്തെ വിമർശിച്ചുകൊണ്ട് പ്രവർത്തകരും രംഗത്തെത്തി. പേര്, സംഘടനാ ചുമതല, മൊബൈൽ നമ്പർ, ജനനത്തീയതി, ഇ-മെയിൽ വിലാസം, ജാതി, വിദ്യാഭ്യാസയോഗ്യത, മേൽവിലാസം എന്നക്രമത്തിലാണ് എക്‌സൽ ഷീറ്റിൽ വ്യക്തിവിവരം അയയ്‌ക്കേണ്ടത്.

അതേസമയം, ബിജെപി ഔദ്യോഗികമായി പുറത്തിറക്കിയ സർക്കുലറുകളിൽ ജാതിയുടെ കാര്യം പരാമർശിച്ചിട്ടില്ല. എന്നാൽ ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ ‘ജാതി സന്തുലനം’ പാലിക്കണമെന്ന കർശന നിർദേശം പാർട്ടി ഘടകങ്ങൾക്ക് ബിജെപി നേതൃത്വം വാക്കാൽ നൽകിയിട്ടുമുണ്ട്.

സംസ്ഥാനസമിതിയംഗങ്ങളെ തീരുമാനിച്ചപ്പോഴും ജാതി പ്രധാന ഘടകമായിരുന്നു. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതിന്റെ ഭാഗമായാണ് ജാതി രേഖപ്പെടുത്തുന്നതെന്നാണ് ചില നേതാക്കൾ കീഴ്ഘടകങ്ങളോടു പറഞ്ഞത്.

also read-ഡൽഹി പോലീസിൽ എസ്‌ഐ തസ്തിക കൈയ്യെത്തും ദൂരത്ത്; സ്വപ്‌നം പൂവണിയും മുൻപെ ബാലുവിനെ തട്ടിയെടുത്ത് മരണം; കണ്ണീരൊടുങ്ങാതെ ജന്മനാട്

എന്നാൽ ഈ നീക്കത്തോടെ മികവുള്ള പ്രാദേശികനേതാക്കൾക്ക് അവസരം നഷ്ടമായെന്നാണ് പ്രാദേശിക നേതൃത്വങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മേഖലാ സംഘടനാ സെക്രട്ടറിമാർ അടക്കമുള്ള നേതാക്കളുടെ നിർദേശപ്രകാരം ജാതി സന്തുലനത്തിന്റെ പേരിൽ പലരെയും ഒഴിവാക്കിയതായി ആക്ഷേപമുയർന്നു. കൃഷ്ണദാസ് പക്ഷത്തെ ചില പ്രമുഖ പ്രാദേശികനേതാക്കളെ ‘വെട്ടാ’നും ജാതി ആയുധമാക്കിയതായി ആരോപണമുണ്ടായി.

ജാതിമാത്രം മാനദണ്ഡമാകുകയും പ്രവർത്തനമികവും പരിചയവും പരിഗണിക്കാതിരിക്കുകയും ചെയ്യുന്നത് പാർട്ടിക്ക് ദോഷംചെയ്യുമെന്നാണ് വിമർശനം. സംഘടനയുടെ ചരിത്രത്തിലിതുവരെ ജാതിനോക്കി നേതാക്കളെ തീരുമാനിച്ചിട്ടില്ലെന്ന് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പിപി മുകുന്ദൻ പറഞ്ഞു. ഇത് പ്രവർത്തകർക്കിടയിൽ ജാതിചിന്ത വളർത്താനേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version