ഡൽഹി പോലീസിൽ എസ്‌ഐ തസ്തിക കൈയ്യെത്തും ദൂരത്ത്; സ്വപ്‌നം പൂവണിയും മുൻപെ ബാലുവിനെ തട്ടിയെടുത്ത് മരണം; കണ്ണീരൊടുങ്ങാതെ ജന്മനാട്

അമ്പലപ്പുഴ:പോലീസ് ട്രെയിനിയായ ബാലുവിന്റെ ഏറ്റവും വലിയ മോഹം എസ്‌ഐ ആകണമെന്നായിരുന്നു. ഡൽഹി പോലീസിൽ എസ്‌ഐ ആകാനുള്ള എല്ലാ കടമ്പകളും മറികടന്ന് പരിശോധനയും കഴിഞ്ഞ് കാത്തിരിക്കെയാണ് ബാലുവിനെ മരണം തട്ടിയെടുത്തത്. ധനതത്ത്വശാസ്ത്രത്തിൽ ബിരുദവും ബിടെക്കും യോഗ്യതയുള്ള ബാലു ജനുവരിയിലാണ് കേരളാ പോലീസ് സേനയിൽ ചേർന്നത്. സെപ്റ്റംബറിലാണു പരിശീലനം പൂർത്തിയാക്കിയത്. തിരുവനന്തപുരം എസ്എപി ബറ്റാലിയനിൽ കോൺസ്റ്റബിളായിട്ടായിരുന്നു നിയമനം.

ഒടുവിൽ ഡൽഹി പോലീസിൽ എസ്‌ഐ തസ്തികയിലേക്കു യോഗ്യത നേടി പരിശോധന കഴിഞ്ഞുനിൽക്കുമ്പോഴാണ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വള്ളം മറിഞ്ഞ് ചെളിയിൽ താഴ്ന്നുപോയി ജീവൻ പൊലിഞ്ഞത്.

പോലീസ് ക്യാമ്പിൽ താമസിക്കുന്ന ബാലു ഒരുമാസം മുൻപാണ് അവസാനമായി നാട്ടിലെത്തി മടങ്ങിയത്. ശനിയാഴ്ച ഉച്ചയ്ക്കു ടെലിവിഷൻ വാർത്തകളിലൂടെ തങ്ങളുടെ പ്രിയപ്പെട്ട ബാലു മരിച്ചെന്ന വാർത്തയെത്തിയത് ഇനിയും ജന്മനാടിന് ഉൾക്കൊള്ളാനായിട്ടില്ല. പുന്നപ്ര സ്വദേശി ബാലു അപകടത്തിൽപ്പെട്ടുവെന്നായിരുന്നു ആദ്യവിവരം. മരണവാർത്തയെത്തിയതോടെ വീട്ടുകാരോട് എങ്ങനെ അന്വേഷിക്കുമെന്ന് കരുതി മതിലിനുപുറത്തു പകച്ചുനിന്നവർ തൊട്ടുപിന്നാലെ ആലിശ്ശേരിൽ വീട്ടിൽ നിന്നുയർന്ന കൂട്ടനിലവിളി കേട്ടാണ് അകത്തേക്കോടിയെത്തിയത്.

Also Read-എസ്ഡിപിഐ നേതാവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ആലപ്പുഴയിൽ ബിജെപി നേതാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു; രാഷ്ട്രീയ കൊലപാതകങ്ങളെന്ന് പോലീസ്

തിരുവനന്തപുരത്തുനിന്ന് ബാലുവിന്റെ സഹപ്രവർത്തകരാണു വീട്ടിൽ അപകടവിവരം വിളിച്ചു വിവരം പറഞ്ഞത്. നിയന്ത്രണംവിട്ടു പൊട്ടിക്കരയുന്ന അച്ഛനെയും അമ്മയേയും സഹോദരനേയും ആശ്വസിപ്പിക്കാനാകാതെ നാടൊന്നാകെ കുഴങ്ങി.

അധികം വൈകാതെ അച്ഛൻ സുരേഷും ബന്ധുക്കളും തിരുവന്തപുരത്തേക്ക് തിരിച്ചു. നാട്ടുകാരും സുഹൃത്തുക്കളും പിന്നാലെപോയി.

പ്ലസ്ടു വരെ പുന്നപ്ര സെയ്ന്റ് അലോഷ്യസ് സീനിയർ സെക്കൻഡറി സ്‌കൂളിലായിരുന്നു പഠനം. പത്തനാപുരം മുസലിയാർ കോളേജിൽനിന്നാണ് സിവിൽ എൻജിനിയറിങ് ബിരുദം നേടിയത്. നാട്ടിലെ പൊതുകാര്യങ്ങളിലെല്ലാം സജീവമായിരുന്ന ബാലു പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ പ്രധാനപ്രവർത്തകനായിരുന്നു. കരസേനയിൽ കമ്യൂണിക്കേഷൻ വിഭാഗത്തിൽ സുബേദാറായി വിരമിച്ചയാളാണ് അച്ഛൻ ഡി സുരേഷ്. അമ്മ അനിലാദാസ് (രാജി) റിട്ട. തഹസിൽദാറാണ്. അനുജൻ ബിനു ബിരുദവിദ്യാർഥിയാണ്.

Exit mobile version