പിങ്ക് പോലീസിന്റെ പരസ്യവിചാരണ: പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിതാവിനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ കേസെടുക്കാന്‍ ബാലാവകാശ കമ്മിഷന്‍ ഉത്തരവ്. പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ കേസെടുക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു.

ബാലനീതി വകുപ്പ് പ്രകാരം കേസെടുക്കാനാണ് ഉത്തരവ്. ആറ്റിങ്ങല്‍ എസ്എച്ച്ഓയ്ക്കും ഡിവൈഎസ്പിക്കുമാണ് ഉത്തരവ്. അപമാനത്തിനിരയായ കുട്ടിക്ക് മാനസികാഘാതം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണം.

കുട്ടികളുടെ നിയമനങ്ങള്‍ സംബന്ധിച്ച് പോലീസ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. ഉത്തരവ് നടപ്പാക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.

ഓഗസ്റ്റ് 27-നായിരുന്നു ഇരുവരെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ സിപി രജിത പരസ്യ വിചാരണയ്ക്ക് വിധേയയാക്കിയത്. തന്റെ മൊബൈല്‍ ഫോണ്‍ പോലീസ് വാഹനത്തില്‍ നിന്ന് എടുത്തുവെന്ന് ആരോപിച്ചായിരുന്നു ഇത്. കുട്ടിയെ കള്ളിയെന്നു വരെ ഉദ്യോഗസ്ഥ വിളിച്ചതായി ഹര്‍ജിയിലുണ്ട്.

ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ പോലീസ് വാഹനത്തില്‍നിന്നുതന്നെ ലഭിച്ചു. മൊബൈല്‍ കണ്ടെത്തിയിട്ടും പോലീസ് ഉദ്യോഗസ്ഥ മാപ്പ് പറയാന്‍ പോലും തയ്യാറായില്ല. മാനസികമായി തകര്‍ന്ന കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കേണ്ടി വന്നു.

Exit mobile version