പിങ്ക് പോലീസ് എട്ടു വയസ്സുകാരിയെയും പിതാവിനെയും അപമാനിച്ച സംഭവം: 1.75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; സര്‍ക്കാര്‍ ഉത്തരവിട്ടു

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലില്‍ എട്ടു വയസ്സുകാരിയെയും പിതാവിനെയും അപമാനിച്ച സംഭവത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പോലീസ് ഉദ്യോഗസ്ഥയായ രജിതയില്‍ നിന്ന് നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപയും കോടതി ചെലവുകള്‍ക്കായി 25000 രൂപയും ഈടാക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്.

പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം ഈടാക്കി പരാതിക്കാര്‍ക്ക് നല്‍കാന്‍ ആഭ്യന്തര വകുപ്പ് ഉത്തറവിറക്കിയത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ ചെയ്താണ് കുട്ടിയേയും പിതാവിനേയും അപമാനിച്ചത്. എന്നാല്‍ സംഭവം വലിയ വിവാദമായിട്ടും ഉദ്യോഗസ്ഥയെ കൊല്ലത്തേക്ക് സ്ഥലംമാറ്റുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ഇതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെണ്‍കുട്ടിയും പിതാവും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

50 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് കേസില്‍ വാദം കേട്ട ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് സംസ്ഥാന സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ടത്. ഇത്തരം കേസുകളില്‍ നഷ്ടപരിഹാരം നല്‍കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് ഹൈക്കോടതി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിറക്കിയത്.

Exit mobile version