പുതുവര്‍ഷത്തില്‍ കല്‍പനാദേവിയ്ക്ക് പുതുജീവിതം! കോവിഡില്‍ പട്ടിണിയായി, വീടുവിട്ടിറങ്ങി; നഷ്ടപ്പെട്ടെന്ന് കരുതിയ കുടുംബത്തെ കണ്ടെത്തി നല്‍കി പിങ്ക് പോലീസ്

കാസര്‍കോട്: പുതുവര്‍ഷം പിറക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, ഇനിയൊരിക്കലും കാണാന്‍ ആകില്ലെന്ന് കരുതിയിരുന്ന കുടുംബത്തെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ബീഹാര്‍ സ്വദേശിനിയായ കല്‍പനദേവി. അവരെ കുടുംബത്തിലേക്ക് തിരിച്ചെത്തിച്ച ആത്മസംതൃപ്തിയാണ് കാസര്‍കോട് പിങ്ക് പോലീസിന്.

ഡിസംബര്‍ 2ന് വീട് വിട്ടിറങ്ങിയതായിരുന്നു ബീഹാര്‍ ഭഗല്‍പൂര്‍ ജില്ലയിലെ കല്പനദേവി (30). പലയിടങ്ങളിലായി കറങ്ങി 5 ദിവസങ്ങള്‍ക്ക് ശേഷം 7ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തി.

സ്റ്റേഷനില്‍ തനിച്ചിരുന്ന ഒരു യുവതി കരയുകയാണെന്നു വിവരം പോലീസ് കണ്‍ട്രോള്‍ റൂമിലെത്തി. ഉടന്‍ പിങ്ക് പോലീസ് സ്ഥലത്തെത്തി യുവതിയില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു. ആദ്യമൊക്കെ പറയാന്‍ വിസമ്മതിച്ചു. പിന്നീട് സങ്കടങ്ങള്‍ പറഞ്ഞു.

Read Also: ചേച്ചിയെ ജീവനോടെ കത്തിച്ച വില്ലത്തി, എറണാകുളത്തെത്തി ‘പാവം കുട്ടിയായി’: ‘ആളറിയാതെ’ അഭയകേന്ദ്രത്തിലെത്തിച്ച് താമസസൗകര്യം നല്‍കി പിങ്ക് പോലീസും

യുവതിക്ക് പിങ്ക് പോലീസ് പടന്നക്കാടെ സ്‌നേഹഭവനില്‍ അഭയം നല്‍കി. ഇതിനിടെ യുവതിയോടു ഭര്‍ത്താവിന്റെയും ബന്ധുക്കളെയും മേല്‍വിലാസം ചോദിച്ചെങ്കിലും വ്യക്തമായ മറുപടിയില്ല. ജഗദീശ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണു തന്റെ വീടെന്നു യുവതി പറഞ്ഞതോടെ അവിടെയുള്ള ഇന്‍സ്‌പെക്ടറുമായി ഫോണില്‍ ബന്ധപ്പെട്ടു. സൂറത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നെടുത്ത ടിക്കറ്റ് മാത്രമാണ് കല്പനയുടെ കൈവശം ഉണ്ടായിരുന്നത്.

യുവതിയെ കാണാനില്ലെന്നു കാണിച്ചു ഭര്‍ത്താവ് ജഗദീശ്പൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ ഭര്‍ത്താവിനോട് മക്കളെയും കൂട്ടി കാസര്‍കോട്ടേക്കു പോകാന്‍ ജഗദീശ്പൂര്‍ പോലീസ് നിര്‍ദേശിച്ചു. ഇതോടെ ഡല്‍ഹി വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവറായിരുന്ന സജിത്ത് പണ്ഡിറ്റ് മക്കളായ ഭാസ്‌കര്‍ പണ്ഡിറ്റ്, സന്ധ്യ, സാക്ഷി എന്നിവരെയും കൂട്ടി
കാസര്‍കോടെത്തി.

കോവിഡ് കാരണം ഇവരുടെ കുടുംബം പട്ടിണിയില്‍ ആയിരുന്നു. ഇതിനിടയില്‍ മാനസിക പ്രയാസം കാരണമാണ് കല്പന വീടുവിട്ടതെന്നു പോലീസ് പറഞ്ഞു. കല്പനയെയും കൂട്ടി സജിത്തും മക്കളും നാട്ടിലേക്ക് മടങ്ങി.

Exit mobile version