ആരും അറിയാതെ വീട് വിട്ടിറങ്ങി, വൃദ്ധ സദനം തേടി അലഞ്ഞ 93കാരിക്ക് തുണയായി ഓട്ടോ ഡ്രൈവര്‍മാരും പിങ്ക് പോലീസും

വിഴിഞ്ഞം തെന്നൂര്‍ക്കോണം പട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന ലീലാമ്മയാണ് വീട്ടുകാരറിയാതെ വൃദ്ധ സദനം തേടിയിറങ്ങിയത്.

തിരുവനന്തപുരം: ആരും അറിയാതെ വീട് വിട്ടിറങ്ങി വൃദ്ധ സദനം തേടി അലഞ്ഞ 93കാരിക്ക് തുണയായി ഓട്ടോ ഡ്രൈവര്‍മാരും പിങ്ക് പോലീസും. തിരുവനന്തപുരം പട്ടത്ത് എത്തിയ 93 കാരിയായ വയോധികയെ ആണ് തിരുവനന്തപുരം സിറ്റിയിലെ ഓട്ടോ ഡ്രൈവര്‍മാരും പോലീസും ചേര്‍ന്ന് തിരികെ വിഴിഞ്ഞത്ത് എത്തിച്ച് വീട്ടുകാരെ ഏല്പിച്ചത്.

വിഴിഞ്ഞം തെന്നൂര്‍ക്കോണം പട്രോള്‍ പമ്പിന് സമീപം താമസിക്കുന്ന ലീലാമ്മയാണ് വീട്ടുകാരറിയാതെ വൃദ്ധ സദനം തേടിയിറങ്ങിയത്. ഇന്നലെ രാവിലെ വിഴിഞ്ഞത്ത് നിന്ന് ഓട്ടോയില്‍ കയറിയ ലീലാമ്മ ഉച്ചയോടെയാണ് പട്ടത്ത് എത്തിയത്. അവിടെ വൃദ്ധ സദനം അന്വേഷിക്കുന്നത് കണ്ട ഓട്ടോ ഡ്രൈവര്‍ പിങ്ക് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പിങ്ക് പോലീസ് സ്ഥലത്തെത്തി ലീലാമ്മയോട് കാര്യങ്ങള്‍ തിരക്കി. വിഴിഞ്ഞം തെന്നൂര്‍ക്കോണത്താണ് വീടെന്ന് പറഞ്ഞതോടെ പിങ്ക് പോലീസ് വിഴിഞ്ഞം ജനമൈത്രി പോലീസിന്റെ സഹായം തേടി. പോലീസ് നടത്തിയ അന്വേഷണത്തില്‍ വീട് കണ്ടുപിടിച്ചാണ് വയോധികയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടത്.

മരണപ്പെട്ടു പോയ ഒരു മകന്റെ വീട്ടിലാണ് ലീലാമ്മയുടെ താമസം. അണിഞ്ഞിരുന്ന ആഭരണങ്ങള്‍ക്ക് പുറമേ ഏഴായിരത്തോളം രൂപയും കൈയ്യില്‍ കരുതിയാണ് ലീലാമ്മ വീടു വിട്ടിറങ്ങിയതെന്ന് വിഴിഞ്ഞം ജനമൈത്രി പോലീസ് എസ്‌ഐ ജോണ്‍ ബ്രിട്ടോ പറഞ്ഞു.

Exit mobile version