കണ്ണൂരിലെ മുസ്ലിം മതവിശ്വാസിയെ വിവാഹം ചെയ്യാനൊരുങ്ങി യുവഡോക്ടർ; വീട്ടുകാർക്കും സമ്മതം, പിന്തിരിപ്പിക്കാൻ സാമുദായിക നേതാക്കൾ, നേരിട്ടെത്തി മഠാധിപതിയും

മംഗളൂരു: കണ്ണൂർ സ്വദേശിയായ മുസ്ലിം മതവിശ്വാസിയും സഹപാഠിയുമായ യുവാവിനെ വിവാഹം കഴിക്കാനൊരുങ്ങിയ മംഗളൂരുവിലെ യുവഡോക്ടർ മേഘയ്ക്ക് സാമൂദായിക നേതാക്കളുടെ എതിർപ്പ് മൂലം വിവാഹം മാറ്റിവെയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. ഇരുവരുടേയം മാതാപിതാക്കളുടെ സമ്മതത്തോടെയും ആശീർവാദത്തോടെയുമുള്ള വിവാഹത്തിന് എതിരെ വാളെടുത്തത് സാമുദായിക നേതാക്കളാണ്. 23 വയസുകാരിയായ മേഘ സർജനായി ജോലി ചെയ്ത് വരികയാണ്.

ഇരുകുടുംബങ്ങളുടെ മാത്രം സ്വകാര്യമായിരുന്ന ഈ വിവാഹത്തെ പക്ഷെ മേഘയുടെ നാട്ടിലെ സാമുദായിക നേതാക്കളെയാണ് ചൊടിപ്പിച്ചത്. മറ്റൊരു മതത്തിൽപ്പെട്ടയാളെ വിവാഹം കഴിക്കുന്നത് മൂലം ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മേഘയെ ഉപദേശിക്കാൻ വീട്ടിലേക്ക് മതസാമുദായിക നേതാക്കളുടെ ഒഴുക്ക് തന്നെയായിരുന്നു പിന്നീട്.

ദക്ഷിണ കർണാടകയിലെ മംഗളൂരു സ്വദേശിനിയായ മേഘയുടെ മാതാപിതാക്കളാകട്ടെ മകളുടെ പ്രണയമറിഞ്ഞതോടെ ജാതിയോ മതമോ ഒന്നുമല്ല ചികഞ്ഞത് യുവാവിന്റെ മേന്മ മാത്രമായിരുന്നു. ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടുള്ള മകളെ സമാന വിദ്യാഭ്യസ യോഗ്യതയുള്ള യുവാവിന് വിവാഹം കഴിച്ച് അയക്കാൻ അവർക്ക് പ്രയാസവുമുണ്ടയാിരുന്നില്ല.

എന്നാൽ, കണ്ണൂർ ജില്ലയിലെ മുസ്ലീം കുടുംബത്തിലേക്ക് പെൺകുട്ടിയെ കല്യാണം കഴിച്ച് കൊടുക്കരുതെന്ന് ഉപദേശിക്കുകയാണ് ഹിന്ദു സാമുദായിക പ്രവർത്തകർ. ഇക്കാര്യം തള്ളിക്കളഞ്ഞ മേഘയുടെ കുടുംബം വരന്റെ കുടുംബത്തെ നേരിട്ട് കാണുകയും വിവാഹാലോചനയുമായി മുന്നോട്ടുപോവുകയുമായിരുന്നു.

‘അവർ നല്ല മനുഷ്യരാണ്. അവർക്ക് മതം സംബന്ധിച്ച പ്രശ്‌നങ്ങളൊന്നും ഇല്ല. ഞങ്ങളുടെ മകൾ മതപരിവർത്തനം നടത്തേണ്ടതില്ല എന്നും അവൾക്ക് തന്റേതായ മതവിശ്വാസം പിന്തുടരാമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. വരനായ ഡോ. ജാഫറും മികച്ച വ്യക്തിത്വത്തിന് ഉടമയാണ്. ഈ വിവാഹവുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് യാതൊരു പ്രശ്‌നവുമില്ല. വളരെ സന്തോഷത്തോടെ ഞങ്ങൾ മകളുടെ വിവാഹത്തിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തുകയാണ്’, വധുവിന്റെ അച്ഛൻ മോഹൻ പറഞ്ഞു. ഡോ. മേഘ അവരുടെ ഒരേയൊരു മകളാണ്.

കണ്ണൂരിലെ പയ്യാമ്പലത്തുള്ള അറേബ്യൻ ബീച്ച് റിസോർട്ടിൽ വെച്ചാണ് വിവാഹം നടക്കാനിരുന്നത്. വധുവിനെയും കുടുംബത്തെയും ഈ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സാമുദായിക നേതാക്കൾക്ക് സാധിക്കാതെ വന്നതോടെ ശ്രീ വജ്രദേഹി മഠത്തിലെ ശ്രീ രാജശേഖരാനന്ദ സ്വാമിജി തന്നെ നേരിട്ടെത്തി വിവാഹം മുടക്കാൻ ശ്രമം നടത്തി. വധുവിന്റെ കുടുംബത്തെ സന്ദർശിക്കുകയും ഡോ. മേഘയുമായും മാതാപിതാക്കളുമായും ഒരു മണിക്കൂർ നേരം സംസാരിക്കുകയും ചെയ്തു.

‘മറ്റൊരു മതത്തിൽപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുന്നത് മൂലം ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി ഞങ്ങൾ അവരെ ബോധ്യപ്പെടുത്തി. സമാനമായ തെറ്റായ തീരുമാനങ്ങൾ മൂലം ദുരിതം അനുഭവിക്കേണ്ടിവന്ന നിരവധി സ്ത്രീകളുടെ ഉദാഹരണങ്ങളും ഞങ്ങൾ അവർക്ക് നൽകി. ഞങ്ങൾ പറഞ്ഞ കാര്യങ്ങളോട് അവർ യോജിക്കുന്നു എന്നാണ് തോന്നുന്നത്’,- കൂടിക്കാഴ്ചയ്ക്ക് ശേഷം ശ്രീ രാജശേഖരാനന്ദ സ്വാമിജി പ്രതികരിച്ചു.

നവംബർ 23 നാണ് കണ്ണൂർ സ്വദേശിയും സഹപാഠിയുമായ ജാഫറുമായി ഇവരുടെ വിവാഹം നടത്താൻ ബന്ധുക്കൾ തീരുമാനിച്ചത്. എന്നാൽ, നിലവിലെ സുഖകരമല്ലാത്ത സാഹചര്യത്തിൽ വിവാഹം തൽക്കാലത്തേക്ക് മാറ്റിവെയ്ക്കാൻ ഇരുകുടുംബങ്ങളും തീരുമാനിച്ചിരിക്കുകയാണ്. വിവാഹം മറ്റൊരു ദിനത്തിൽ നടത്താനാണ് തീരുമാനം. തങ്ങളുടെ മകളുടെ ഏത് തീരുമാനത്തിനും പിന്തുണ നൽകുമെന്ന് ഡോ. മേഘയുടെ മാതാപിതാക്കൾ പറഞ്ഞു.

Exit mobile version