സര്‍ക്കാര്‍ സ്ഥാപനമെന്ന വ്യാജേനെ 100 കോടിയുടെ നിക്ഷേപ തട്ടിപ്പ്; കേരള ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് പോലീസ് നിരീക്ഷണത്തില്‍; ജനറല്‍ മാനേജര്‍ അറസ്റ്റില്‍; സരിതാ നായര്‍ മുന്‍ മാനേജര്‍

എറണാകുളം എംജി റോഡിലെ കേരള ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനം പോലീസ് നിരീക്ഷണത്തില്‍.

കൊച്ചി: 100 കോടിയില്‍പരം രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയതായി സംശയിക്കുന്നതിനെ തുടര്‍ന്ന് എറണാകുളം എംജി റോഡിലെ കേരള ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനം പോലീസ് നിരീക്ഷണത്തില്‍. സ്ഥാപനത്തിന്റെ ജനറല്‍ മാനേജര്‍ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി കൃഷ്ണന്‍ നായരെ കഴിഞ്ഞദിവസം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിന്നാലെ മാനേജിങ് ഡയറക്ടര്‍, അടൂര്‍ സ്വദേശി ജി ഉണ്ണിക്കൃഷ്ണനെ പിടികൂടാനായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ മാത്രം സ്ഥാപനത്തിനെതിരെ നൂറോളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 10 എണ്ണത്തിലാണ് കേസെടുത്തിരിക്കുന്നത്.

സ്ഥാപനത്തില്‍ ഒരു ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്. സര്‍ക്കാര്‍ സ്ഥാപനമാണെന്നു തെറ്റിദ്ധരിച്ച്, വിരമിക്കുമ്പോള്‍ ലഭിച്ച തുക മുഴുവനായി സ്ഥാപനത്തില്‍ നിക്ഷേപിച്ചവരും കൂട്ടത്തിലുണ്ട്. ചിലര്‍ക്ക് ആദ്യത്തെ രണ്ടോ മൂന്നോ മാസം കൃത്യമായി പലിശ ലഭിക്കും. നിക്ഷേപമായി ലഭിക്കുന്ന പണം മറ്റു ബിസിനസുകളിലേക്ക് വകമാറ്റിയതായും പോലീസ് സംശയിക്കുന്നുണ്ട്. തിരച്ചില്‍ തുടരുന്നതിനിടെ, കഴിഞ്ഞദിവസം തലനാരിഴയ്ക്കാണ് ഉണ്ണിക്കൃഷ്ണന്‍ കൊച്ചി സിറ്റി സെന്‍ട്രല്‍ പോലീസിന്റെ മുന്നില്‍നിന്നു കടന്നുകളഞ്ഞത്. ശ്രീകാര്യത്തെ ഒരു ഫ്‌ളാറ്റിലാണ് ഇയാള്‍ താമസിച്ചിരുന്നത്.

വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവരാണ് ഇവരുടെ തട്ടിപ്പിന്റെ ഇരകളില്‍ അധികവും. 14% പലിശ വാഗ്ദാനം ചെയ്താണ് ഇവര്‍ നിക്ഷേപം സമാഹരിച്ചത്. വിരമിച്ചവരുടെയും അടുത്തു തന്നെ വിരമിക്കുന്നവരുടെയും വിശദാംശങ്ങള്‍ ഓഫീസുകളില്‍ നിന്ന് ഏജന്റുമാര്‍ ശേഖരിച്ച ശേഷം നേരിട്ടു വീട്ടിലെത്തിയാണ് ആളുകളെ വലയില്‍ വീഴ്ത്തിയിരുന്നത്

തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ സ്ഥാപനത്തിന് 28 ശാഖകളുണ്ട്. ഇവയെല്ലാം തുറന്നു പ്രവര്‍ത്തിക്കുന്നതായി ജനറല്‍ മാനേജര്‍ അവകാശപ്പെട്ടെങ്കിലും തിരുവനന്തപുരത്തെ ഹെഡ് ഓഫിസ് അടഞ്ഞുകിടക്കുന്നതായാണു കണ്ടതെന്നു പോലീസ് അറിയിച്ചു. കൊച്ചി ശാഖയുടെ ലൈസന്‍സ് റദ്ദാക്കിയതായും അവര്‍ പറഞ്ഞു. സോളര്‍ കേസ് പ്രതി സരിതാ നായര്‍ 2007ല്‍ പത്തനംതിട്ട ജില്ലയിലെ ഒരു ശാഖയുടെ മാനേജരായിരുന്നെന്നും പോലീസ് അറിയിച്ചു. സ്ഥാപനത്തിന്റെ എംജി റോഡ് ശാഖയുടെ മാനേജരെ ഒരു മാസം മുന്‍പ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Exit mobile version