വിശ്വാസികളെയും അവിശ്വാസികളെയും തിരിച്ചറിയാൻ ‘വിശ്വാസോമീറ്ററും’ ഉണ്ടോ?വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെ വിമർശിച്ച ലീഗിനോട് കെടി ജലീൽ

kt jaleel_

മലപ്പുറം: വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സി മുഖാന്തിരം നടത്തുമെന്ന സർക്കാർ തീരുമാനത്തിന് എതിരെ രംഗത്തെത്തിയ മുസ്ലിം ലീഗിന് കടുത്ത ഭാഷയിൽ മറുപടി നൽകി എംഎൽഎ കെടി ജലീൽ. മുസ്ലിങ്ങളിലെ വിശ്വാസികളായവരെ നിയമിക്കാൻ പിഎസ്‌സി നിയമനം തടസ്സമാകും എന്നുള്ള വാദത്തിന് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിലൂടെയുള്ള നിയമനത്തിൽ മുസ്ലിങ്ങളിലെ വിശ്വാസിയേയും അവിശ്വാസിയേയും വേർതിരിച്ചറിയാൻ സ്വീകരിക്കുന്ന അളവുകോൽ എന്താണ്? എന്നാണ് കെടി ജലീലിന്റെ മറുചോദ്യം.

ദേവസ്വം ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാത്തത് എന്ത്‌കൊണ്ടാണെന്നുള്ള ചോദ്യത്തിനും വ്യക്തമായ മറുപടിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കെടി ജലീൽ നൽകുന്നത്.

കെടി ജലീൽ എംഎൽഎയുടെ ഫേസ്ബുക്ക് കുറിപ്പ്:

ജനങ്ങളെ വിഡ്ഢികളാക്കരുത്
———————————–
1) വഖഫ് ബോർഡ് നിയമനങ്ങൾ PSC ക്ക് വിട്ടത് പോലെ ദേവസ്വം ബോർഡ് നിയമനങ്ങൾ PSC ക്ക് വിടാത്തത് എന്ത്‌കൊണ്ടാണെന്നാണ് ചിലരുടെ ഹിമാലയൻ ചോദ്യം.
ഉത്തരം ലളിതമാണ്. ഹൈന്ദവ സമുദായത്തിലെ നിലവിൽ ജോലി സംവരണമുള്ള വിഭാഗങ്ങൾക്കും ജോലി സംവരണമില്ലാത്ത മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും നിശ്ചിത ശതമാനം ദേവസ്വം ബോർഡ് നിയമനങ്ങളിൽ സംവരണം ചെയ്തിട്ടുണ്ട്. മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് നിശ്ചയിച്ചിട്ടുള്ള നിശ്ചിത ശതമാനം സംവരണ രീതി PSC യിൽ ഇതുവരെ നിലവിലില്ലാത്തതിനാൽ ഇത്തരം നിയമനങ്ങൾ PSC യിലൂടെ പ്രായോഗികമാക്കാൻ കഴിയുമായിരുന്നില്ല. അത്‌കൊണ്ടാണ് ദേവസ്വം ബോർഡ് നിയമനങ്ങൾ PSC ക്ക് വിടാൻ സാധിക്കാതെ പോയത്. മുന്നോക്ക സമുദായങ്ങളിലെ സമ്പത്തികമായി പിന്നോക്കം നില്കുന്നവർക്ക് 10% ഉദ്യോഗ സംവരണം ഈ അടുത്ത കാലത്താണ് നിലവിൽ വന്നത്. അത് ഇതുവരെയും PSC മുഖേന നടപ്പിലായിട്ടുമില്ല. എന്നാൽ മുസ്ലിങ്ങളിൽ ജാതി സമ്പ്രദായം ഇല്ലാത്തത് കൊണ്ടുതന്നെ PSC യിലൂടെ മുസ്ലിം സമുദായത്തിൽപ്പെട്ട ഒരാളെ നിയമിക്കുന്നതിന് യാതൊരു പ്രയാസവുമില്ലെന്ന് ആർക്കാണ് അറിയാത്തത്? പുതിയ സാഹചര്യത്തിൽ ദേവസ്വം ബോർഡ് നിയമനങ്ങൾ PSCക്ക് വിടുന്നത് സർക്കാർ ആലോചിക്കാനുള്ള സാധ്യതയും തള്ളികളയാനാകില്ല.
എൽ.പി സ്‌കൂളിലെ കുട്ടികളെപ്പോലെ തൊട്ടടുത്തിരിക്കുന്നവന്റെ കയ്യിൽ ഉള്ളത് തനിക്കും വേണമെന്ന് വാശി പിടിക്കുന്നത് ഒരു സംസ്‌കൃത സമൂഹത്തിന് ഭൂഷണമാണോ എന്ന് ബന്ധപ്പെട്ടവർ ആലോചിക്കുന്നത് നന്നാകും.
2) രണ്ടാമത്തെ ചോദ്യം മുസ്ലിങ്ങളിലെ വിശ്വാസികളായവരെ നിയമിക്കാൻ PSC നിയമനം തടസ്സമാകും എന്നുള്ളതാണ്.
വിശ്വാസം സ്ഥായിയായി നിൽക്കുന്ന ഒന്നല്ല. സങ്കോചവികാസങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് വിശ്വാസമെന്ന് ഖുർആൻ തന്നെ പറയുന്നുണ്ട്. വഖഫ് ബോർഡിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിലൂടെയുള്ള നിയമനത്തിൽ മുസ്ലിങ്ങളിലെ വിശ്വാസിയേയും അവിശ്വാസിയേയും വേർതിരിച്ചറിയാൻ സ്വീകരിക്കുന്ന അളവുകോൽ എന്താണ്? അതിന് പ്രത്യേക യന്ത്രം ഇതുവരെ കണ്ടുപിടിക്കപ്പെട്ടില്ലെന്നിരിക്കെ വഖഫ് ബോർഡ് ഇക്കാലമത്രയും സ്വീകരിച്ച ‘മാപിനി’ ഏതാണെന്നറിയാൻ ജനങ്ങൾക്ക് കൗതുകം തോന്നുക സ്വാഭാവികം. ഇനി അങ്ങിനെ ഒരു യന്ത്രത്തിന്റെ സഹായത്താൽ വിശ്വാസിയെന്ന് കണ്ടെത്തി ഒരാളെ നിയമിച്ചു എന്നുതന്നെ വെക്കുക. കുറച്ച് കഴിഞ്ഞ് അയാൾ അവിശ്വാസിയായാൽ അവരെ വഖഫ് ബോർഡിൽ നിന്ന് പിരിച്ചുവിടാൻ നിലവിൽ വല്ല നിയമവുമുണ്ടോ?
കമ്യൂണിസ്റ്റുകാരുടെയും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെയും ദേശക്കൂറളക്കാർ ‘കൂറോമീറ്ററു’മായി നടന്ന സംഘപരിവാറുകാരെ കുറിച്ച് പരിഹാസ രൂപേണ പലരും പണ്ട് പറഞ്ഞു കേട്ടിരുന്നു. മുസ്ലിം സംഘികളുടെ കയ്യിൽ തങ്ങൾക്കിടയിലെ വിശ്വാസികളെയും അവിശ്വാസികളെയും വിവേചിച്ചറിയാൻ പര്യാപ്തമായ വല്ല ‘വിശ്വാസോമീറ്ററും’ ഉണ്ടോ? ഉണ്ടെങ്കിൽ അതെടുത്ത് അവനവനു നേരെ ഒന്ന് പിടിച്ച് നോക്കിയാൽ എത്ര നന്നായിരുന്നു.

Exit mobile version