അനധികൃതമായി നമ്പര്‍ പ്ലേറ്റ്: ജോജു ജോര്‍ജിനെതിരെ മോട്ടോര്‍വാഹന വകുപ്പില്‍ പരാതി

കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരെ മോട്ടോര്‍വാഹന വകുപ്പില്‍ പരാതി. അനധികൃതമായി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചെന്നാണ് പരാതി.

ജോജുവിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 64 കെ 0005 എന്ന നമ്പറിലുള്ള ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറില്‍, വാഹന കമ്പനി നല്‍കിയ നമ്പര്‍പ്ലേറ്റ് മാറ്റി, ഏക നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മനാഫ് പുതുവായില്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്.

ജോജുവിന്റെ ഹരിയാന രജിസ്‌ട്രേഷനുള്ള ബി.എം.ഡബ്ല്യു. കാര്‍ രജിസ്‌ട്രേഷന്‍ മാറ്റാതെ വര്‍ഷങ്ങളായി കേരളത്തില്‍ ഓടുന്നതിന് എതിരെയും മനാഫ് പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇന്ധന വിലവര്‍ധനവിനെതിരെ ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. സമരത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹനകുരുക്ക് അനുഭവപ്പെട്ടതോടെ നടന്‍ ജോജു പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ഇതിന് പിന്നാലെയാണ് ജോജുവിനെതിരെ പരാതി.

Exit mobile version