ആർസിസി സ്ഥാപക ഡയറക്ടറും അർബുദ ചികിത്സാ വിദഗ്ധനുമായ ഡോ. എം കൃഷ്ണൻ നായർ വിടവാങ്ങി

തിരുവനന്തപുരം: കേരളത്തിലെ തന്നെ മുതിർന്ന അർബുദ രോഗ ചികിത്സാവിദഗ്ധനും തിരുവനന്തപുരം ആർസിസിയുടെ സ്ഥാപക ഡയറക്ടറുമായ ഡോ. എം കൃഷ്ണൻ നായർ(81) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലായിരുന്നു അന്ത്യം.

അർബുദ രോഗ ചികിത്സാ മേഖലയിലെ സംഭാവനകൾ പരിഗണിച്ച് രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേരളത്തിലെ ക്യാൻസർ ചികിത്സ രംഗത്ത് നൂതനമായ മാറ്റങ്ങൾക്ക് തുടക്കമിട്ടത് ഡോ. എം. കൃഷ്ണൻ നായരായിരുന്നു. ലോകാരോഗ്യ സംഘടനയിലെ കാൻസർ ഉപദേശകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ റിസർച്ച് പ്രൊഫസറുമാണ്.

ആർസിസിയുടെ സ്ഥാപകൻ എന്ന നിലയിലും വലിയ സംഭവനകൾ നൽകി. കമ്മ്യൂണിറ്റി ഓങ്കോളജി, പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ, പീഡിയാട്രിക് ഓങ്കോളജി തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികൾ അദ്ദേഹം നടപ്പിലാക്കി. ദേശീയ ക്യാൻസർ നിയന്ത്രണ പദ്ധതി തയ്യാറാക്കിയതിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

1963 ലാണ് കേരള സർവകലാശാലയിൽ നിന്ന് എംബിബിഎസ് ബിരുദം നേടുന്നത്. 1968 ൽ പഞ്ചാബ് സർവകലാശാലയിൽ നിന്ന് റേഡിയോ തെറാപ്പി ക്ലിനിക്കൽ ഓങ്കോളജിയിൽ ബിരുദാനന്തരബിരുദം നേടി. 1972 ൽ ലണ്ടനിലെ റോയൽ കോളേജ് ഓഫ് റേഡിയോളജിയിൽ നിന്ന് ക്ലിനിക്കൽ ഓങ്കോളജിയിലും ബിരുദം നേടി.

Exit mobile version