കോട്ടക്കലില്‍ പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ഥിനി യുട്യൂബില്‍ നോക്കി ആരുമറിയാതെ വീട്ടില്‍ പ്രസവിച്ചു: അയല്‍വാസി അറസ്റ്റില്‍

മലപ്പുറം: പീഡനത്തിനിരയായ പതിനേഴുകാരി ആരുമറിയാതെ വീട്ടില്‍ പ്രസവിച്ചു. യു ട്യൂബ് വീഡിയോ നോക്കിയാണ് പരസഹായമില്ലാതെ പ്ലസ് ടു വിദ്യാര്‍ഥിനി പ്രസവിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അയല്‍വാസിയായ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം കോട്ടക്കലിലാണ് സംഭവം. ഈ മാസം 20നാണ് വീട്ടുകാരറിയാതെ പെണ്‍കുട്ടി മുറിയില്‍ പ്രസവിച്ചത്. മൂന്നുദിവസത്തിന് ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.

ഓണ്‍ലൈന്‍ ക്ലാസ് ആയതിനാല്‍ തന്നെ പലപ്പോഴും പെണ്‍കുട്ടി വീടിന് മുകള്‍ നിലയിലായിരുന്നു. മാതാവിന് കാഴ്ചയ്ക്ക് പ്രശ്നമുണ്ട്. പിതാവ് സെക്യൂരിറ്റി ജോലിക്കാരനായതിനാല്‍ വീട്ടില്‍ അധിക സമയം ഉണ്ടാവാറില്ല. വീട്ടുകാര്‍ ഭക്ഷണം കഴിച്ച ശേഷമാണ് പെണ്‍കുട്ടി താഴേക്ക് വന്ന് ഭക്ഷണം കഴിക്കാറുള്ളത്. ഇതിനാല്‍ ഗര്‍ഭിണിയായ വിവരം ആരും അറിഞ്ഞില്ല.

ഗര്‍ഭിണിയായി ഒമ്പത് മാസത്തിനുള്ളില്‍ പെണ്‍കുട്ടി യൂട്യൂബ് നോക്കി പ്രസവത്തെ പറ്റി മനസ്സിലാക്കി. പ്രസവിച്ച് പെണ്‍കുട്ടി സ്വയം പൊക്കിള്‍ക്കൊടി അറുത്ത് മാറ്റുകയായിരുന്നു. അടുത്ത ദിവസം കുഞ്ഞിന്റെ കരച്ചില്‍ കേട്ടതോടെയാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. ഇതിനു ശേഷം പെണ്‍കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആശുപത്രി അധികൃതരാണ് വിവരം പോലീസിനെ അറിയിച്ചത്.

അതിനിടെ, പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ അയല്‍വാസിയായ 21-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പോക്സോ വകുപ്പുകളടക്കം ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്.

Exit mobile version