കനത്തമഴയിൽ 60 ട്രാൻസ്‌ഫോർമറുകളും 339 ഹൈ ടെൻഷൻ പോസ്റ്റുകളും നശിച്ചു; കെഎസ്ഇബിക്ക് ഇതുവരെ നഷ്ടം പതിമൂന്നര കോടി രൂപ

തിരുവനന്തപുരം: കേരളത്തിലുണ്ടായ കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് കഴിഞ്ഞദിവസം വരെ മാത്രം നഷ്ടമുണ്ടായത് പതിമൂന്നര കോടി രൂപ. നാലേ കാൽ ലക്ഷം വൈദ്യുതി കണക്ഷനുകളാണ് ഈ ദിവസങ്ങളിൽ തടസ്സപ്പെട്ടത്. വെദ്യുതി ബന്ധം യുദ്ധകാല അടിസ്ഥാനത്തിൽ പുനസ്ഥാപിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചിട്ടുണ്ട്.

തുടർച്ചയായി പെയ്ത മഴയിൽ കെഎസ്ഇബിയ്ക്ക് കനത്ത നാശനഷ്ടം ഉണ്ടായി. 13.67 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ട്രാൻസ്‌ഫോമറുകളും ഹൈടെൻഷൻ വൈദ്യുതി ലൈനുകളും നശിച്ചതാണ് നഷ്ടം ഇരട്ടിയാക്കിയത്.

60 വിതരണ ട്രാൻസ്‌ഫോർമറുകളാണ് തകരാറിലായത്. 339 ഹൈ ടെൻഷൻ പോസ്റ്റുകളും 1398 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 3074 ട്രാൻസ്‌ഫോർമറുകളുടെ പ്രവർത്തനം നിലച്ചു. ആകെ 4.18 ലക്ഷം വൈദ്യുതി കണക്ഷനുകളിൽ വിതരണം നിലച്ചു. ഇവയിൽ ഭൂരിഭാഗവും പത്തനംതിട്ട, പാല, തൊടുപുഴ എന്നീ സർക്കിളുകളിലാണെന്നും കെഎസ്ഇബി വ്യക്തമാക്കി.

വൈദ്യുതി യുദ്ധകാലാടിസ്ഥാനത്തിൽ പുനസ്ഥാപിക്കാൻ കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തെ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർദേശിച്ചു. ഇതിനായി ചീഫ് എഞ്ചിനിയർമാർ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർമാർ, എക്‌സിക്യുട്ടീവ് എഞ്ചിനിയർമാർ എന്നിവരടങ്ങിയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. അണക്കെട്ടുകൾ സൂഷ്മതയുടെ വിലയിരുത്താൻ യോഗം തീരുമാനിച്ചു.

19 അണക്കെട്ടുകളിലും ശരാശരി 90 ശതമാനത്തോളം വെള്ളമുണ്ട്. ജലനിരപ്പ് ഉയർന്നാൽ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചുള്ള വൈദ്യുതി ഉത്പാദനം കൂട്ടാൻ തമിഴാനാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പറമ്പിക്കുളം അണക്കെട്ടിലെ ജലനരിപ്പ് ക്രിമീകരിക്കാനും ആവശ്യപ്പെട്ടു.

Exit mobile version