ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട്; പരമാവധി വൈദ്യുതി ഉത്പാദിപ്പിച്ച് കെഎസിഇബി; കക്കി ഡാം 11 മണിക്ക് തുറക്കും; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം

തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2396.86 അടിയിലെത്തിയതോടെയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. അഞ്ച് ജനറേറ്ററുകളും പ്രവർത്തിപ്പിച്ച് പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.

ഒരടി കൂടി ജലനിരപ്പ് ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. 2396.96 അടിയാണ് നിലവിൽ അണക്കെട്ടിലുള്ള ജലനിരപ്പ്. ഇടുക്കി അണക്കെട്ടിലെ പരമാവധി സംഭരണശേഷി 2403 അടിയാണ്. ഇടുക്കിയിൽ മഴ ശമിച്ചെങ്കിലും അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു വരുന്നുണ്ട്.

അതേസമയം, അണക്കെട്ടിലേക്ക് ജലംവരുന്നതിനനുസൃതമായി വൈദ്യുതി ഉത്പാദനം നടക്കുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

കല്ലാർ ഡാം തുറന്നുവിട്ടിണ്ട്. കക്കി അണക്കെട്ട് രാവിലെ 11 മണിയോടെ തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. വൃഷ്ടി പ്രദേശത്ത് ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിലാണ് ഡാം തുറക്കാൻ തീരുമാനിച്ചത്. ഡാമിൽ നിലവിലെ ജലനിരപ്പ് 983.5 അടിയാണ്. പരമാവധി 986.33 അടിയാണ് ഇവിടുത്തെ സംഭരണശേഷി.

ആശങ്കവേണ്ടെന്നും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇതിനിടെ, ഡാമുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല അവലോകന യോഗം ചേരുകയാണ്. രാവിലെ പത്ത് മണിക്കാണ് യോഗം ആരംഭിച്ചത്. മഴക്കെടുതി സംബന്ധിച്ചും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം നടത്തും.

Exit mobile version