മഹാരാജാസ് കോളജില്‍ അനധികൃതമായി മരം മുറിച്ചുകടത്താന്‍ ശ്രമം; തടഞ്ഞ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ മുറിച്ചുമാറ്റിയ മരങ്ങള്‍ അനധികൃതമായി കടത്തുന്നതായി പരാതി. മരം പുറത്തേക്ക് കൊണ്ടുപോയ ലോറി വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. കടത്താന്‍ ശ്രമിച്ച മരങ്ങള്‍ കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ടെണ്ടര്‍ നടത്താതെയാണ് മരങ്ങള്‍ കടത്തുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

മരം കടത്തുന്നത് തന്റെ അറിവോടെ അല്ലെന്നാണ് പ്രിന്‍സിപ്പലിന്റെ പ്രതികരണം. മരം കൊണ്ടുപോകാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ ഡോ. മാത്യു ജോര്‍ജ് പറഞ്ഞു.

അടുത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ കോമ്പൗണ്ടിലേക്ക് അപകടകരമായി ചാഞ്ഞുനില്‍ക്കുകയായിരുന്ന മരം വാട്ടര്‍ അതോറിറ്റി തന്നെയാണ് മഹാരാജാസ് കോളജിന്റെ അനുമതി വാങ്ങി വെട്ടിമാറ്റിയത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മരം മുറിച്ച് കഷ്ണങ്ങളാക്കുകയായിരുന്നു. അവധി ദിവസം നോക്കി ഈ മരങ്ങള്‍ കടത്തുകയായിരുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മുന്‍പ് രണ്ടോ മൂന്നോ ലോഡ് തടികള്‍ ഇവിടെ നിന്ന് കൊണ്ടുപോയിട്ടുണ്ട്. പന മരവും ആല്‍ മരവും മുറിച്ചുമാറ്റിയിട്ടുണ്ട്.

Exit mobile version