മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിഎസ് ജോയിയെ സ്ഥലംമാറ്റി

കൊച്ചി: മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി. ഡോ. വിഎസ് ജോയിയെ പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജിലേക്കാണ് സ്ഥലം മാറ്റിയത്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോളേജില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിരുന്നു. പിന്നാലെയാണ് പ്രിന്‍സിപ്പാളിനെ സ്ഥലം മാറ്റിയത്.

കോളജിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥിയ്ക്ക് വെട്ടേറ്റിരുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോളേജും കോളജ് ഹോസ്റ്റലുകളും അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്‌മാന് കഴിഞ്ഞ ദിവസമാണ് കുത്തേറ്റത്. കാലിനും വയറിന്റെ ഭാഗത്തും കൈയ്ക്കുമാണ് കുത്തേറ്റത്.

മുന്‍ ദിവസങ്ങളില്‍ കോളേജില്‍ എസ്എഫ്ഐ-ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പിന്നാലെ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരായ ചില വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു.

Exit mobile version