വീട്ടിലേക്ക് തിരിച്ച സിദ്ധാർത്ഥ് ക്യാംപസിലേക്ക് മടങ്ങിയത് രഹന്റെ വാക്ക് വിശ്വസിച്ച്; നേരിട്ടത് ആൾക്കൂട്ട വിചാരണയും മർദ്ദനവും; കൂടുതൽ അറസ്റ്റ്

കൽപ്പറ്റ: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ ആത്മഹത്യയിൽ കൂടുതൽ പേരെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. പ്രതിപ്പട്ടികയിലുള്ള 18 പേർക്ക് പുറമെ അഞ്ചുപേരെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇവരിൽ ചിലർക്ക് ഗൂഢാലോചനയിൽ ഉൾപ്പടെ പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു. നേരത്തെ കേസിൽ ഏഴുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന അഖിലിനെ ഇന്ന് പാലക്കാട് വെച്ചാണ് പോലീസ് പിടികൂടിയത്. ഒളിവിൽ പോയ 12 പ്രധാനപ്രതികളിൽ ഒരാളാണ് അഖിൽ.

എസ്എഫ്ഐ യൂണിറ്റ് അംഗം ഇടുക്കി രാമക്കൽമേട് സ്വദേശി എസ് അഭിഷേക് (23), തിരുവനന്തപുരം സ്വദേശികളായ രെഹാൻ ബിനോയ് (20), എസ് ഡി ആകാശ് (22), ആർഡി ശ്രീഹരി, തൊടുപുഴ സ്വദേശി ഡോൺസ് ഡായ് (23), വയനാട് ബത്തേരി സ്വദേശി ബിൽഗേറ്റ്സ് ജോഷ്വ (23) എന്നിവരാണു പിടിയിലായ മറ്റുപ്രതികൾ.

പ്രധാനപ്രതി അഖിൽ

അതേസമയം, കോളേജിലെ വാലന്റൈൻസ് ദിനാഘോഷവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിനെ മർദിക്കുന്നതിന് പ്രതികൾ കൃത്യമായ ഗൂഢാലോചന നടത്തിയെന്നാണ് വിവരം.

സംഭവങ്ങൾക്ക് പിന്നാലെ ഫെബ്രുവരി 15 ന് വീട്ടിലേക്ക് പോയ സിദ്ധാർത്ഥിനെ സഹപാഠി രഹൻ ബിനോയ് വിളിച്ചുവരുത്തുകയായിരുന്നു. രഹന്റെ വാക്ക് വിശ്വസിച്ച് എത്തിയ സിദ്ധാർത്ഥിനെ മൂന്ന് ദിവസത്തോളം ഹോസ്റ്റലിൽ വെച്ച് ക്രൂരമായ മർദ്ദനത്തിന് ഇരയാക്കി. ഭക്ഷണവും വെള്ളവും നൽകാതെ മർദ്ദിച്ചതിനോടൊപ്പം നഗ്നനാക്കി ആൾക്കൂട്ട വിചാരണയ്ക്ക് ഇരയാക്കിയെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ALSO READ- കാര്യവട്ടം ക്യാംപസിൽ കണ്ടെത്തിയ മൃതദേഹം പുരുഷന്റേത്; ബാഗും തൊപ്പിയും ടൈയും കണ്ടെത്തി

സംഭവത്തിന് ദൃക്‌സാക്ഷികളായ വിദ്യാർത്ഥികളാണ് കോളേജ് അധികൃതർക്ക് ഇതുസംബന്ധിച്ച് മൊഴി നൽകിയത്. അതേസമയം, പ്രധാന പ്രതികളായ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരടക്കമുള്ള പ്രതികൾ ഒളിവിലാണ്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും ഒളിവിൽപോയ പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കുമെന്നും പോലീസ് പറഞ്ഞു.

അതേസമയം, പ്രതികളായ 4 എസ്എഫ്‌ഐക്കാരെ സംഘടനയിൽനിന്നു പുറത്താക്കിയതായി സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പറഞ്ഞു. ക്യാമ്പസ് യൂണിയൻ നേതാക്കൾ ഉൾപ്പെടെ അറസ്റ്റിലായ കേസിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എബിവിപി യും, കെ എസ് യു വും സർവകലാശാലയ്ക്ക് മുന്നിൽ ഉപവാസ സമരം നടത്തുകയാണ്..

Exit mobile version