ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ കാട്ടുപന്നി വന്നിടിച്ചു, തെറിച്ചുവീണ് 22കാരന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

തൃശൂര്‍; കാട്ടുപന്നി ബൈക്കില്‍ തട്ടിയതിനെ തുടര്‍ന്ന് തെറിച്ചു വീണ് പരുക്കേറ്റ യുവാവ് മരിച്ചു. തൃശ്ശൂര്‍ ജില്ലയിലാണ് ദാരുണ സംഭവം. ഇഞ്ചക്കുണ്ട് തെക്കേ കൈതക്കല്‍ സെബാസ്റ്റ്യന്റെ മകന്‍ സ്റ്റെബിനാണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സായിരുന്നു.

തൃശൂര്‍ ഇഞ്ചക്കുണ്ടില്‍ രാത്രിയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇഞ്ചക്കുണ്ട് സ്വദേശി ജോയലിന് (22) പരുക്കേറ്റു .സംഭവം നടന്ന ഉടനെ ഇരുവരേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്റ്റെബിന്‍ രാത്രിതന്നെ മരിച്ചു.

ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു. മലയോര മേഖലയില്‍ മാത്രമല്ല നഗര മേഖലയിലും കാട്ടുപന്നികളിറങ്ങുന്നത് പതിവായിരിക്കുകയാണ്. അതിനാല്‍ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ രാത്രികാലങ്ങളില്‍ എത്രത്തോളം ജാഗ്രതയോടെ വേണം ഈ വഴിയൂടെ സഞ്ചരിക്കേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഈ സംഭവം.

Exit mobile version