കേരളത്തെ അതിദാരിദ്ര്യമില്ലാത്ത ഗുണനിലവാരമുള്ള ജീവിതം നയിക്കുന്ന ജനസമൂഹമാക്കി മാറ്റും, അഞ്ചുവര്‍ഷം കൊണ്ട് ലക്ഷ്യത്തിലെത്തുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: അഞ്ചുവര്‍ഷം കൊണ്ട് കേരളത്തെ അതിദാരിദ്ര്യമില്ലാത്ത ഗുണനിലവാരമുള്ള ജീവിതം നയിക്കുന്ന ജനസമൂഹമാക്കി മാറ്റുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. ഇതിനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്ന് തദ്ദേശ സ്വയംഭരണ ഗ്രാമവികസന മന്ത്രി എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

അതിദാരിദ്ര്യ നിര്‍ണയത്തിന്റെ ഭാഗമായി നടത്തുന്ന സര്‍വേയുടെ സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍മ്മാര്‍ക്കുള്ള പരിശീലനം മന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു. അതിദരിദ്രരെ കണ്ടെത്തുകയും അവര്‍ക്കാവശ്യമായ സൂക്ഷ്മതല പരിഹാരമാര്‍ഗങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തിക്കൊണ്ടുമാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സാധ്യമാവുക.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈവശമുള്ള ദരിദ്രരുടെ പട്ടികയില്‍ പെട്ടവരും ഉള്‍പ്പെടാത്തവരും ഒരു പട്ടികയിലും പെടാത്തവരും ആരോടും ഒരാവശ്യവും ഉന്നയിക്കാന്‍ ശേഷിയില്ലാത്തവരുമായവരെ അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി കണ്ടെത്തേണ്ടതുണ്ട്.

കേരളത്തിലെ അതിദരിദ്രരായ മനുഷ്യരുടെ അതിജീവന പദ്ധതി തയ്യാറാക്കുന്ന പ്രക്രിയയുടെ ഭാഗമാകുന്ന ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് കിലയുടെ നേതൃത്വത്തില്‍ അതിവിപുലമായ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

അഞ്ചുവര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയ ആരംഭിക്കുന്നത്. ഇതിനായി വിപുലമായ ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version