സുവര്‍ണ്ണാവസരം മുതലാക്കാന്‍ ശ്രമിച്ച ബിജെപിക്ക് കനത്ത തിരിച്ചടി! യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റി അംഗം സിബി സാം സിപിഎമ്മിലേക്ക്; ന്യൂനപക്ഷങ്ങളെയും ദളിതരെയും ബിജെപി വേട്ടയാടുന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സാം

പത്തനംതിട്ട: ശബരിമലയില്‍ സുവര്‍ണ്ണാവസരം മുതലാക്കാന്‍ ശ്രമിച്ച ബിജെപിക്ക് കനത്ത തിരിച്ചടി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്ും സംസ്ഥാന കമ്മിറ്റി അംഗവുമായ സിബി സാം തോട്ടത്തില്‍ രാജി വച്ചു. ബിജെപിയുടെ ന്യൂനപക്ഷ ദളിത് വിരുദ്ധതയില്‍ മനംനൊന്താണ് രാജി വയ്ക്കുന്നതെന്ന് സിബി സാം തോട്ടത്തില്‍ പറഞ്ഞു. രാജി വച്ച സിബി സാം സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചു.

തിരുവല്ല സ്വദേശി സിബി സാം തോട്ടത്തില്‍ യുവമോര്‍ച്ചയുടെ പത്തനംതിട്ട ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മറ്റി അംഗവുമാണ് . ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ട തന്നെ ബിജെപിയിലെ ഒരു വിഭാഗം വേട്ടയാടുന്നതില്‍ മനംനൊന്താണ് രാജി വയ്ക്കുന്നത് എന്ന് സാം അറിയിച്ചു.

ന്യൂനപക്ഷങ്ങളെയും ദളിതരെയും കടന്നാക്രമിക്കുന്ന ശൈലിയാണിന്ന് ബിജെപിക്ക്. ഐപിസി എന്ന കുമ്പനാട് ആസ്ഥാനമായുള്ള പെന്തക്കോസ്ത് സഭയുടെ ആസ്ഥാനത്ത് ഇതിന്റെ ഭാഗമായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ റെയ്ഡ് നടത്തി. അവരുടെ ഔദ്യോഗിക രേഖകള്‍ ഉള്‍പ്പെടെ കേന്ദ്ര സംഘം പിടിച്ചെടുത്തു.ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ന്യൂനപക്ഷ ക്രൈസ്തവ സഭകള്‍ക്ക് പണം എത്തിയിരുന്ന ആയിരത്തോളം അക്കൗണ്ടുകള്‍ കേന്ദ്രം ഫ്രീസ് ചെയ്തു. കത്തോലിക്ക സഭയുടെ അക്കൗണ്ടുകളാണിതില്‍ ഭൂരിഭാഗവും. ബിജെപിയെ പേടിച്ച് ഈ സഭകളൊന്നും തന്നെ ഇതിനെതിരെ പ്രതികരിക്കുന്നില്ലെന്നും സാം പറഞ്ഞു.

കൂടാതെ തന്നെ വ്യക്തിപരമായും ചില യുവമോര്‍ച്ച ജില്ലാ നേതാക്കളുടെ നേതൃത്വത്തില്‍ വേട്ടയാടുന്നുണ്ടെന്നും സാം ആരോപിച്ചു. ഇവരുടെ ശല്യം സഹിക്കാനാകാതെ, കുടുംബത്തെ ഡല്‍ഹിയിലേക്ക് മാറ്റി താമസിപ്പിക്കേണ്ട അവസ്ഥ വരെ ഉണ്ടായി. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതലുള്ള സംഘടനയായി ബിജെപി മാറിയിരിക്കുന്നു. ന്യൂനപക്ഷങ്ങളെയും ദളിതരെയും എന്നും വേട്ടയാടുന്ന അജണ്ടയാണ് ബിജെപി പിന്തുടരുന്നതെന്നും സാം കൂട്ടിച്ചേര്‍ത്തു.

ബിജെപി ഇനി ഭാരതത്തില്‍ ഇവര്‍ ഒരുകാലത്തും ഭരണത്തില്‍ എത്തില്ലെന്നും. ന്യൂനപക്ഷ മോര്‍ച്ച പ്രവര്‍ത്തകനായിരുന്ന സമയത്ത് ഇവരുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ കഴിയാതെ പോയെന്നും യുവമോര്‍ച്ചയില്‍ എത്തിയതോടെ ഇവരുടെ ഇന്റേണല്‍ പൊളിറ്റിക്‌സ് നേരിട്ട് അറിയാനായി എന്നും സാം പറഞ്ഞു. തന്നെ കൂടാതെ കൂടുതല്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബിജെപി വിട്ട് സിപിഐഎമ്മിലേക്ക് വരും. ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും പ്രതീക്ഷ നല്‍കുന്ന സംഘടന സിപിഎം. ഇനിമുതല്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സാം പറഞ്ഞു.

ജനുവരി 6 നു നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലി പത്തനംതിട്ടയില്‍ നടക്കാനിരിക്കെ, യുവ മോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് തന്നെ രാജി വച്ച് സിപിഐഎമ്മില്‍ ചേര്‍ന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

Exit mobile version