മലയാളി വിദ്യാർത്ഥി ഇഹ്‌സാനുൽ ഇഹ്തിസാമിന് ആറുകോടിയുടെ ഫെലോഷിപ്പ്; അഭിമാനമായി ഈ മലപ്പുറത്തുകാരൻ

മഞ്ചേരി: മലയാളി വിദ്യാർത്ഥി ഇഹ്‌സാനുൽ ഇഹ്തിസാമിന് ഷിക്കാഗൊ യൂണിവേഴ്‌സിറ്റിയുടെ ആറു കോടിയുടെ ഫെലോഷിപ്പ്. മലപ്പുറം തൃക്കലങ്ങോട് ഹാജിയാർപടി സ്വദേശിയായ ഇഹ്തിസാം ഷിക്കാഗൊ യൂണിവേഴ്‌സിറ്റിയുടെ പിഎച്ച്ഡി ഫെലോഷിപ്പിനാണ് അർഹനായിരിക്കുന്നത്. ഡൽഹി ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാല, ജെഎൻയു എന്നിവിടങ്ങളിൽ നിന്നാണ് ഇഹ്‌സാനുൽ പഠനം പൂർത്തിയാക്കിയത്.

മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ, മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ എന്നിവർ അധ്യാപനം നടത്തിയിരുന്ന ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ സൗത്ത് ഏഷ്യൻ ലാംഗ്വേജസ് ആൻഡ് സിവിലൈസേഷൻ വകുപ്പിലാണ് മലപ്പുറത്തെ ഈ 24കാരന് പ്രവേശനം ലഭിച്ചിരിക്കുന്നത്.

പൂർവാധുനിക ഇന്ത്യൻ മഹാസമുദ്ര ചരിത്രത്തിൽ മലബാറിലെ സൂഫി ഗ്രന്ഥങ്ങളുടെയും ശബ്ദങ്ങളുടെയും ഇടപാടുകളെക്കുറിച്ചുള്ള പഠനത്തിനാണ് ഗ്രാന്റ്. ഹാജിയാർപടി ചപ്പങ്ങൻ സുലൈമാൻ-സുഹ്‌റ ദമ്പതികളുടെ മകനാണ്. ഷബീബ്, റനീം എന്നിവർ സഹോദരങ്ങളാണ്.

Exit mobile version