പുരയിടത്തില്‍ ഒരു കോടി രൂപ മൂല്യമുള്ള ചന്ദനമരം; സോമന് ഉറക്കം നഷ്ടപ്പെട്ടിട്ട് വര്‍ഷങ്ങള്‍

മറയൂര്‍: ഒരു കോടി വിപണിമൂല്യമുള്ള ചന്ദനമരം പുരയിടത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ മറയൂര്‍ കുണ്ടക്കാട് സ്വദേശി പേരൂര്‍ വീട്ടില്‍ സോമന് ഉറക്കം നഷ്ടപ്പെട്ടിട്ട് വര്‍ഷങ്ങളായി. വീടിന്റെ പരിസരത്തെ മറ്റു ചന്ദന മരങ്ങള്‍ മോഷ്ടാക്കള്‍ മുറിച്ചു കടത്തിയതോടെയാണ് സോമന് ഭീതി കൂടിയത്.

അവശേഷിക്കുന്ന ഈ ചന്ദന മരം വനംവകുപ്പ് ഏറ്റെടുക്കണമെന്നാണ് ഇപ്പോള്‍ സോമന്റെ ആവശ്യം. മുന്‍പും ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. മോഷ്ടാക്കള്‍ മുറിച്ചുകടത്തിയ ചന്ദന മരത്തിന്റെ കുറ്റികള്‍ മാന്തിയെടുക്കാനുള്ള നടപടി മാത്രമാണു വനംവകുപ്പ് കൈകൊണ്ടതെന്നാണ് പരാതി.

എല്‍എ പട്ടയമുള്ള ഭൂമിയായതിനാല്‍ ഈ ചന്ദനമരം മുറിക്കാനായി ഡിഎഫ്ഒ ബി. രഞ്ജിത്ത് ദേവികുളം സബ് കളക്ടര്‍ക്കും തഹസില്‍ദാര്‍ക്കും സോമന്‍ കത്തു നല്‍കിയിട്ടുണ്ട്. 2008 ല്‍ ചന്ദനം മോഷ്ടിക്കാന്‍ എത്തിയ സംഘം സോമനെ മുറിയില്‍ കെട്ടിയിട്ടശേഷം മരം മുറിച്ചുകൊണ്ടുപോയി. ഈ ഭയത്തിലാണ് സോമന് ഉറക്കം പോലും കളഞ്ഞ് കാവലിരിക്കേണ്ട സ്ഥിതിയിലായത്.

ശേഷിക്കുന്ന ചന്ദനമരത്തിന് 80 ഇഞ്ച് വലുപ്പമുണ്ട്. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നല്‍കിയ എല്‍എ പട്ടയങ്ങളില്‍ വളരുന്ന ചന്ദനം തുടങ്ങിയ മരങ്ങള്‍ മുറിക്കാന്‍ ഭൂവുടമയ്ക്ക് അവകാശമില്ല.

Exit mobile version