ഓണക്കിറ്റിലെ ഏലത്തിന് ഗുണനിലവാരമില്ലെന്ന ആരോപണം വാസ്തവ വിരുദ്ധം; പ്രതിപക്ഷ നേതാവിനോട് മന്ത്രി ജിആർ അനിൽ

gr-anil_

തിരുവനന്തപുരം: സപ്ലൈകോ വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റിലെ ഏലത്തിന് ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണങ്ങളെ തള്ളി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ.

വിഡി സതീശന്റെ ആരോപണം വാസ്തവ വിരുദ്ധമാണ്. ആരോപണം തള്ളിക്കളയേണ്ടതാണെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു. ആരോപണം ഉയർന്ന സ്ഥിതിക്ക് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കൺസ്യൂമർ ഫെഡ് വഴി സംസ്ഥാനത്തെ കർഷകരിൽ നിന്ന് നേരിട്ടാണ് ഏലം ശേഖരിച്ചത്. പുറത്ത് നിന്നുള്ള ഏജൻസികൾക്ക് അതിൽ ഒരു പങ്കുമില്ല. കിറ്റ് വിതരണം ശരിയായി നടന്നിട്ടുണ്ട്. 71 ലക്ഷം പേർ കിറ്റുകൾ വാങ്ങി. നേരിട്ട് കൊണ്ടുപോയി കൊടുത്തിട്ടുള്ള കിറ്റുകളുടെ കണക്ക് കൂടി ഉൾപ്പെടുത്താൻ ഉണ്ടെന്നും മന്ത്രി ജിആർ അനിൽ പറഞ്ഞു.

നേരത്തെ, ഓണക്കിറ്റിലെ ഏലത്തിന് ഗുണനിലവാരമില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം. തമിഴ്‌നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും വലിയ അഴിമതി നടന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

Exit mobile version