വനിതാ മതില്‍ കെട്ടിപടുക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി ഡിവൈഎഫ്ഐ വനിതാ അംഗങ്ങള്‍..! വഴിനീളെ ചുവരെഴുത്തും, മുദ്രാവാക്യവും, സമരഗീതവും

കൊച്ചി: നവോത്ഥാനമൂല്യങ്ങളെ ഉയര്‍ത്തിപിടിച്ച് ജനുവരി ഒന്നിന് കെട്ടിപടുക്കുന്ന വനിതാ മതിലിന് പ്രചാരണവുമായി ഡിവൈഎഫ്ഐ വനിതാ അംഗങ്ങള്‍ ഒരുക്കങ്ങള്‍ തുടങ്ങി. എറണാകുളം നോര്‍ത്ത് മുതല്‍ ഹൈക്കോടതി ജങ്ഷന്‍വരെ വനിതാമതിലിന് സ്വാഗതമോതി വനിതകള്‍ പ്രചരണം നടത്തി. ചുവരെഴുതിയും പോസ്റ്ററൊട്ടിച്ചും ലഘുലേഖകള്‍ വിതരണം ചെയ്തുമാണ് ഡിവൈഎഫ്ഐ സാംസ്‌കാരികവേദി എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രചാരണയാത്ര നടത്തിയത്.

വഴിനീളെ ചുവരെഴുത്ത് നടത്തുന്നുണ്ട് ഇതിന്റെ ഭാഗമായി കൈയ്യില്‍ പെയിന്റ് പാത്രവും പോസ്റ്ററും ലഘുലേഖകളും അവര്‍ കൂടെ കൊണ്ടു നടന്നിരുന്നു. മാത്രമല്ല യുവതികള്‍ തലയില്‍ ചുവന്ന ഷാള്‍ കെട്ടിയിരുന്നു. ചുവരെഴുത്തിനൊപ്പം സമരഗീതങ്ങള്‍ പാടിയും തകിലുകൊട്ടിയും മുദ്രവാക്യങ്ങള്‍ മുഴക്കിയുമായിരുന്നു പ്രചാരണം. ‘നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുക, ആര്‍ത്തവം അശുദ്ധമല്ല, ഇരുണ്ടകാലത്തേക്ക് മടങ്ങാനാവില്ല’എന്നീ മുദ്രവാക്യങ്ങളുയര്‍ത്തിയാണ് അവര്‍ തെരുവിലിറങ്ങിയത്.

Exit mobile version