ശബരിമല കത്തി നിന്നപ്പോള്‍ മുന്‍നിരയില്‍; അസ്ഥാനത്തെ ഹര്‍ത്താലും തോല്‍വിയും നിലപാടിലെ മലക്കം മറിച്ചിലും തിരിച്ചടിച്ചതോടെ റേറ്റിങ്ങില്‍ പിന്നോട്ട്; ജനം ടിവിയുടെ തള്ളലുകള്‍ക്ക് അവസാനം!

വിഷയങ്ങള്‍ എല്ലാം ഒതുങ്ങിയതോടെ പിന്നോട്ടടിച്ചിരിക്കുകയാണ് ജനം ടിവിയുടെ റാങ്കിങ്.

കൊച്ചി: സംസ്ഥാനത്തെചാനലുകളുടെ ബാര്‍ക്കിങ് റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്താണെന്നും ജനങ്ങള്‍ ജനം ടിവിക്കൊപ്പം വിശ്വാസികളും തുടങ്ങിയ സംഘപരിവാര്‍-ജനം ടിവി തള്ളലുകള്‍ക്ക് അവസാനം. ശബരിമല യുവതീ പ്രവേശന വിഷയം കത്തി നില്‍ക്കുന്നതിനിടെ ബാര്‍ക്ക് റേറ്റിങ്ങില്‍ വന്‍ മുന്നേറ്റം നടത്തിയെങ്കിലും വിഷയങ്ങള്‍ എല്ലാം ഒതുങ്ങിയതോടെ പിന്നോട്ടടിച്ചിരിക്കുകയാണ് ജനം ടിവിയുടെ റാങ്കിങ്. അന്ന് ചാനല്‍ വമ്പന്‍മാരായ മാതൃഭൂമിയെയും മനോരമയെയും പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചിരുന്നു ജനം ടിവി.

എന്നാല്‍, ശബരിമല വിഷയത്തില്‍ ബിജെപി തന്നെ നിലപാടില്‍ ഉരുണ്ടു കളിച്ചതും അകാരണമായി ഹര്‍ത്താലുകള്‍ നടത്തി പൊതുജനങ്ങളെ വലയ്ക്കുകയും ചെയ്തതോടെ കേരളീയ പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാണുണ്ടായിരിക്കുന്നത്. ഇത് ജനം ടിവിയുടെ കാഴ്ചക്കാരെയും ബാധിച്ചു. ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി നാണം കെട്ട തോല്‍വി വഴങ്ങിയതും ചാനലിനെ ബാധിച്ചെന്നാണ് സൂചന.

കഴിഞ്ഞയാഴ്ചയിലെ ബാര്‍ക്ക് റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം ഉറപ്പിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് മനോരമ ന്യൂസ് കുതിപ്പ് നടത്തി. മൂന്നാം സ്ഥാനത്ത് മാതൃഭൂമിയും വന്നതോടെ ജനം ടിവി നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ന്യൂസ് 18 അഞ്ചാം സ്ഥാനത്തും മീഡിയ വണ്‍ ആറാം സ്ഥാനത്തുമെത്തി. വരും ദിനങ്ങളില്‍ ജനം ടിവി ഇനിയും താഴേക്ക് പതിക്കുമെന്നാണ് വിലയിരുത്തലുകള്‍.

റേറ്റിങില്‍ ഏഷ്യാനെറ്റ് ന്യൂസിന് 162.82 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മനോരമ 84.72 പോയിന്റ് മാത്രമാണ് കരസ്ഥമാക്കിയത്. മാതൃഭൂമിക്ക് 70.22 പോയിന്റ് ലഭിച്ചപ്പോള്‍ ജനത്തിന്റെ വലിയ പ്രേക്ഷക പിന്തുണ വന്‍തോതില്‍ ഇടിഞ്ഞു. ഇവര്‍ക്ക് 57.68 പോയിന്റ് മാത്രമാണ് ലഭിച്ചത്. അതേസമയം ന്യൂസ് 18 ചാനല്‍ തിരഞ്ഞെടുപ്പ് ഫലം റിപ്പോര്‍ട്ട് ചെയ്ത് അഞ്ചാം സ്ഥാനത്ത് ഇടംപിടിക്കുകയും ചെയ്തിരിക്കുകയാണ്.

Exit mobile version