മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ സംഘത്തെ സ്ഥിരമാക്കുന്നെന്ന് മനോരമ; ആരോപണം തെളിയിച്ചാൽ മാധ്യമപ്രവർത്തനം നിർത്തി മനോരമ വിൽക്കാൻ നടക്കാം, തെറ്റെങ്കിൽ മനോരമയുടെ പേര് വീക്ഷണം എന്നാക്കുമോ? വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജ്

cm-pinarayi

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന, പാർട്ടിക്ക് വേണ്ടപ്പെട്ടവരെ സ്ഥിരപ്പെടുത്താൻ ശ്രമം നടക്കുന്നെന്ന വ്യാജവാർത്ത നൽകിയ മലയാള മനോരമയെ വെല്ലുവിളിച്ച് മാധ്യമ പ്രവർത്തകനും മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറിയുമായ പിഎം മനോജ്. അതേസമയം മുഖ്യമന്ത്രിയുടെ മാധ്യമ സംഘത്തെ സ്ഥിരപ്പെടുത്താൻ നീക്കമെന്ന മലയാള മനോരമ വാർത്ത കള്ളമാണെന്നും ഇങ്ങനെയൊരു കാര്യമേ പരിഗണനയിലില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

എൽഡിഎഫ് സർക്കാർ അധികാരമേറ്റു രണ്ട് മാസം കഴിഞ്ഞപ്പോൾ നിയമിച്ച സംഘത്തിലെ 10 പേരേയും പാർട്ടിക്കു വേണ്ടപ്പെട്ട മറ്റു മുപ്പതോളം പേരേയും സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നുവെന്നാണ് മനോരമയുടെ വാർത്ത.

manorama

മനോരമ വെള്ളിയാഴ്ച ഒന്നാംപേജിൽ പ്രധാനവാർത്തയായാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്. അഞ്ച് വർഷം പോലും കാലാവധി പൂർത്തിയാക്കിയിട്ടില്ലാത്ത സമൂഹമാധ്യമ സംഘത്തെ സ്ഥിരപ്പെടുത്തുന്നു എന്നായിരുന്നു മനോരമയിലെ ഒന്നാം പേജ് വാർത്ത. മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പിഎം മനോജ് ഉൾപ്പടെയുള്ള മാധ്യമപ്രവർത്തകർ മനോരമയുടെ വ്യാജവാർത്തയ്ക്ക് എതിരെ രംഗത്തെത്തിയിട്ടുണ്ട്.

‘ഈ വാർത്ത മനോരമ തെളിയിച്ചാൽ മൂന്നു പതിറ്റാണ്ടിലധികമുള്ള മാധ്യമ പ്രവർത്തനാനുഭവത്തെ തള്ളിപ്പറഞ്ഞ് ശിഷ്ടകാലം മനോരമ നടന്ന് വിൽക്കും. മറിച്ചാണെങ്കിൽ മനോരമയ്ക്ക് വീക്ഷണം എന്ന് പേരിടുമോ?’-പിഎം മനോജ് മനോരമയെ വെല്ലുവിളിച്ചു.

ഈ വാർത്ത മനോരമ തെളിയിച്ചാൽ മൂന്നു പതിറ്റാണ്ടിലധികമുള്ള മാധ്യമ പ്രവർത്തനാനുഭവത്തെ തള്ളിപ്പറഞ്ഞ് ശിഷ്ടകാലം മനോരമ നടന്ന് വിൽക്കും. മറിച്ചാണെങ്കിൽ മനോരമയ്ക്ക് വീക്ഷണം എന്ന് പേരിടുമോ?

Posted by PM Manoj on Thursday, 4 February 2021

മനോരമയുടെ വാർത്ത വ്യാജമാണെന്നും ഇങ്ങനെയൊരു നീക്കമോ ഫയലോ ഇതുവരെയില്ലെന്നും അങ്ങനെ ഒരാലോചനയും ഒരു തലത്തിലും ഉണ്ടായിട്ടില്ലെന്നും സർക്കാർ വൃത്തങ്ങളും വിശദീകരിച്ചു. സിഡിറ്റിൽ പത്തുവർഷത്തിലേറെയായി ജോലി ചെയ്യുന്ന 114 പേരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സിഡിറ്റിലെ നിയമനത്തിന് ഒരു പിഎസ്‌സി ലിസ്റ്റും നിലവിലില്ല. അതുകൊണ്ടു തന്നെ എല്ലാ നിയമവ്യവസ്ഥകളും പാലിച്ചുള്ള നിയമനമായിരുന്നു ഇത്. സ്ഥിരനിയമനം ലഭിച്ചവരിൽ ഭൂരിഭാഗവും യുഡിഎഫ് സർക്കാർ ഉണ്ടായിരുന്ന സമയത്ത് സി ഡിറ്റിൽ താൽക്കാലിക ജീവനക്കാരായി കയറിയവരാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തിരുന്ന ആശിഷ് ഉൾപ്പെടെ ഉള്ളവർക്ക് ഈ ലിസ്റ്റിൽ സ്ഥിരനിയമനം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ 158 പേർക്കാണ് സ്ഥിരനിയമനം നൽകിയത്. അതിൽ എംഎം ഹസ്സൻ ഉൾപ്പെടെയുള്ളവരുടെ അടുത്ത ബന്ധുക്കളും ഉണ്ട്.

സി ഡിറ്റിൽ 114 പേർക്ക് സ്ഥിരനിയമനം നൽകാൻ പോകുന്ന എന്ന വാർത്ത വന്ന സമയത്ത് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവർക്ക് വേണ്ടിയാണ് നിയമനം എന്ന രീതിയിലാണ് വാർത്ത വന്നത്. പക്ഷെ കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച ലിസ്റ്റിൽ ഒരാൾ പോലും മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവർ ആയിട്ടില്ല. അവരെ നിയമിക്കാനായി ഒരു ഫയലും നിലവിൽ സർക്കാരിന്റെ മുൻപിൽ വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

എന്നാൽ പിഎസ്‌സി ലിസ്റ്റിനെ നോക്കുകുത്തിയാക്കി നിയമനം എന്നൊക്കെയാണ് മനോരമ എഴുതി പിടിപ്പിച്ചിരിക്കുന്നത്. സർക്കാർ വൃത്തങ്ങളിൽ ചർച്ച പോലും ചെയ്യാത്ത കാര്യം മനോരമ മുഖ്യവാർത്തയാക്കിയതിനെതിരെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണ് മനോരമ എന്ന വിമർശനം സോഷ്യൽ മീഡിയയിൽ ശക്തമാവുകയാണ് .

Exit mobile version