മനോരമയ്ക്ക് ബഹുമാനം മാത്രമല്ല പേടിയുമുണ്ട്! ഏതാണ്ടാ ആ ‘ദേശീയ പാര്‍ട്ടി? ഏതാന്ന് പറ; കുഴല്‍പ്പണം കവര്‍ന്ന വാര്‍ത്തയില്‍ പാര്‍ട്ടി പേര് വ്യക്തമാക്കാത്തതിനെ ട്രോളി എംബി രാജേഷ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കൊണ്ടുപോകുന്നതിനിടെ
‘ദേശീയ പാര്‍ട്ടി’യുടെ 3.5 കോടി കുഴല്‍പ്പണം കവര്‍ന്നുവെന്ന മലയാള മനോരമയുടെ വാര്‍ത്തയില്‍ പ്രതികരിച്ച് സിപിഎം നേതാവ് എംബി രാജേഷ്.

ദേശീയ പാര്‍ട്ടിയുടെ പേര് വ്യക്തമാക്കാതെയുള്ള വാര്‍ത്തയ്‌ക്കെതിരെയാണ് എംബി രാജേഷ് രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മലയാള മനോരമയില്‍ ഇന്നലേയും ഇന്നും വന്ന രണ്ടുവാര്‍ത്തകളാണിത്. വിഷയം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ 3.5 കോടിയുടെ കുഴല്‍പണം ഹൈവേയില്‍ വെച്ച് കവര്‍ന്നതാണ്. ഏത് പാര്‍ട്ടി? ‘ദേശീയ പാര്‍ട്ടി’ എന്ന് മനോരമ. പല ദേശീയ പാര്‍ട്ടികളുണ്ടല്ലോ. ഏതാന്ന് പറ മനോരമേ!

മനോരമയ്ക്ക് ബഹുമാനം മാത്രമല്ല നല്ല പേടിയുമുണ്ട്. അതുകൊണ്ട് ‘ദേശീയ പാര്‍ട്ടി’ (കുട്ട്യോള്‍ടച്ഛന്‍ ) എന്നേ മനോരമ പറയൂ. ‘കവര്‍ച്ചയില്‍ അതേ പാര്‍ട്ടിയുടെ ജില്ലയിലെ പ്രമുഖന്‍ ഇടപെട്ടതായി വിവരമുണ്ട്. അപ്പോള്‍ മനോരമയുടെ പക്കല്‍ ‘വിവരമുണ്ട്.’ പക്ഷേ പറയില്ല!’, എം.ബി രാജേഷ് ഫേസ്ബുക്കിലെഴുതി.

ഏപ്രില്‍ 22ന് ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരുന്ന വാര്‍ത്ത ഏപ്രില്‍ 23 ആയപ്പോഴേക്കും ഉള്‍പേജിലേക്ക് വലിച്ചിട്ടുണ്ടെന്നും നാളത്തോടെ വാര്‍ത്ത തന്നെ അപ്രത്യക്ഷമാകുമെന്നും രാജേഷ് കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

‘മലയാള മനോരമയിൽ ഇന്നലേയും ഇന്നും വന്ന രണ്ടുവാർത്തകളാണിത്. വിഷയം ഒരു രാഷ്ട്രീയ പാർട്ടിയുടെ 3.5 കോടിയുടെ കുഴൽപണം ഹൈവേയിൽ വെച്ച് കവർന്നതാണ്. ഏത് പാർട്ടി ? ‘ദേശീയ പാർട്ടി’ എന്ന് മനോരമ. പല ദേശീയ പാർട്ടികളുണ്ടല്ലോ.ഏതാന്ന് പറ മനോരമേ !ഇതിപ്പോൾ സ: ശിവദാസമേനോൻ പണ്ട് പ്രസംഗങ്ങളിൽ പറയുന്ന നർമ്മം പോലെയാണ്. ചില സ്ത്രീകൾ ബഹുമാനം കൊണ്ട് ഭർത്താവിൻ്റെ പേര് പറയില്ലത്രേ.” കുട്ട്യോൾടഛൻ” എന്നേ പറയു .

മനോരമക്ക് ബഹുമാനം മാത്രമല്ല നല്ല പേടിയുമുണ്ട്. അതുകൊണ്ട് ‘ ദേശീയ പാർട്ടി’ (കുട്ട്യോൾടഛൻ ) എന്നേ മനോരമ പറയൂ. “കവർച്ചയിൽ അതേ പാർട്ടിയുടെ ജില്ലയിലെ പ്രമുഖൻ ഇടപെട്ടതായി വിവരമുണ്ട് “. അപ്പോൾ മനോരമയുടെ പക്കൽ ‘വിവരമുണ്ട്.’ പക്ഷേ പറയില്ല!
ഇന്നലെ ഒന്നാം പേജിൽ. ഇന്ന് ഉൾപേജിലേക്ക് വലിച്ചിട്ടുണ്ട്. നാളത്തോടെ അപ്രത്യക്ഷമാവുമായിരിക്കും.

വായനക്കാർ എന്ത് മനസ്സിലാക്കണം? അവർക്ക് ഒന്നുറപ്പിക്കാം. പാർട്ടി സി.പി.ഐ.(എം) അല്ല എന്ന്. കാരണം എങ്കിൽ മനോരമ ആഘോഷിച്ചേനെ. അടിച്ചു പൊളിച്ചേനെ. കഥകൾ, കാർട്ടൂണുകൾ, പരമ്പരകൾ എല്ലാമായി പൊലിപ്പിച്ചേനെ. നിഷ്പക്ഷ പത്രമാണ്. ലീഗിൻ്റെ എം.എൽ.ഏ. കക്കൂസ് ക്ലോസറ്റിൽ അമ്പതുലക്ഷം ഒളിപ്പിച്ചത് വിജിലൻസ് പിടിച്ചപ്പോൾ നാറ്റം മാറ്റാൻ മനോരമ ന്യായീകരണ സുഗന്ധലേപനം സ്വന്തം നിലയിൽ പൂശിയത് നമ്മൾ കണ്ടല്ലോ.. വാർത്ത കഴിയുന്നത്ര അമുക്കി പിടിച്ചതും. ലീഗായതു കൊണ്ട് കക്കൂസിൻ്റെ കാർട്ടൂണൊന്നുമില്ല. ഹോ… ഒരു സി.പി.എം നേതാവിൻ്റെ കക്കൂസിലോ മറ്റോ ആയിരുന്നെങ്കിലോ ? എത്ര ‘വിഷയ വിദഗ്ദ്ധരെ ‘ മനോരമ രംഗത്തിറക്കുമായിരുന്നു?എന്തൊക്കെ തറ വേലകൾ കാണിക്കുമായിരുന്നു?

എന്നാലും മനോരമേ ഏതാണ്ടാ ആ ‘ദേശീയ പാർട്ടി ?’
ഒരു ക്ലൂ തന്നിട്ടുണ്ടല്ലോ എന്ന് മനോരമ.” പാർട്ടിയെ നിയന്ത്രിക്കുന്ന സംഘടനയും അന്വേഷണം ആരംഭിച്ചു ” എന്ന്. ങേ ! പാർട്ടിയെ നിയന്ത്രിക്കുന്ന സംഘടനയോ? അതേതപ്പാ അത്ര വലിയ ആ സംഘടന? ഇനി കൂടുതൽ ചോദിക്കരുത്. പ്ലീസ്….
താടിയുള്ള അപ്പനെ പേടിയുണ്ടെന്ന് നിഷ്പക്ഷ പത്രം.
എം.ബി.രാജേഷ്”

മലയാള മനോരമയിൽ ഇന്നലേയും ഇന്നും വന്ന രണ്ടുവാർത്തകളാണിത്. വിഷയം ഒരു രാഷ്ട്രീയ പാർട്ടിയുടെ 3.5 കോടിയുടെ കുഴൽപണം ഹൈവേയിൽ…

Posted by MB Rajesh on Friday, 23 April 2021

Exit mobile version