ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് മാലിന്യത്തില്‍ നിന്ന് കിട്ടിയത് 10 പവന്‍; ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കി രാധയും ഷൈബയും, അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്

ഹരിതകർമ്മ സേനാംഗങ്ങള്‍ക്കാകെ ആവേശവും അഭിമാനവും പകരുന്ന പ്രവർത്തനമാണ് രാധാ കൃഷ്ണനും ഷൈബാ ബിജുവും കാഴ്ചവെച്ചതെന്ന് ചിത്രം പങ്കുവച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

എറണാകുളം: വീടുകളില്‍ നിന്ന് മാലിന്യം ശേഖരിച്ച് തരംതിരിക്കുന്ന ഹരിതകര്‍മ്മ സേനയിലെ അംഗങ്ങളായ രാധയ്ക്കും ഷൈബയ്ക്കും മാലിന്യത്തില്‍ നിന്നും കിട്ടിയത് 10 പവന്റെ സ്വര്‍ണമാല. മാല കിട്ടിയ ഉടന്‍ തന്നെ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചിരിക്കുകയാണ് ഇരുവരും.

സംഭവത്തില്‍ രാധയെയും ഷൈബയേയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി എം ബി രാജേഷ്. സംസ്ഥാനത്തെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കാകെ ആവേശവും അഭിമാനവും പകരുന്ന പ്രവര്‍ത്തനമാണ് എറണാകുളം ജില്ലയിലെ മുടക്കുഴ പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങളായ രാധാകൃഷ്ണനും ഷൈബാ ബിജുവും കാഴ്ചവെച്ചതെന്ന് ഇവരുടെ ചിത്രം പങ്കുവച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

പത്ത് പവന്റെ സ്വര്‍ണമാലയാണ് മാലിന്യത്തില്‍ നിന്ന് ഇവര്‍ക്ക് കിട്ടിയത്. എന്നാല്‍ ആ സ്വര്‍ണം സ്വന്തമാക്കാനല്ല, ഉടമസ്ഥന് തിരിച്ചുകൊടുക്കാനായി പിന്നീടുള്ള അവരുടെ ശ്രമം. തുടര്‍ന്ന് യഥാര്‍ഥ ഉടമയെ കണ്ടെത്തി മാല തിരിച്ചു കൊടുത്ത് ഇരുവരും നാടിന് തന്നെ മാതൃകയായി.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

പത്ത് പവന്‍, പത്ത് പവന്റെ സ്വര്‍ണമാലയാണ് മാലിന്യത്തില്‍ നിന്ന് കിട്ടിയത്. വീടുകളില്‍ നിന്ന് ശേഖരിച്ച മാലിന്യം തരംതിരിക്കുകയായിരുന്നു ഹരിതകര്‍മ്മ സേനാംഗങ്ങളായ രാധാ കൃഷ്ണനും ഷൈബാ ബിജുവും. ഒറ്റ നോട്ടത്തില്‍ നിന്ന് തന്നെ സ്വര്‍ണമാണെന്ന് മനസിലായി. ആ സ്വര്‍ണം സ്വന്തമാക്കാനല്ല, ഉടമസ്ഥന് തിരിച്ചുകൊടുക്കാനായി പിന്നീടുള്ള ശ്രമം. ഏകദേശ ധാരണ വെച്ച്, അങ്ങോട്ട് അന്വേഷിച്ചുപോയി യഥാര്‍ഥ ഉടമയെ കണ്ടെത്തി മാല കൈമാറി. സംസ്ഥാനത്തെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കാകെ ആവേശവും അഭിമാനവും പകരുന്ന പ്രവര്‍ത്തനമാണ് എറണാകുളം ജില്ലയിലെ മുടക്കുഴ പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങളായ രാധാകൃഷ്ണനും ഷൈബാ ബിജുവും കാഴ്ചവെച്ചത്. പത്തരമാറ്റ് തിളക്കമുള്ള നിങ്ങളുടെ സത്യസന്ധതയ്ക്ക് ബിഗ് സല്യൂട്ട്, തദ്ദേശ സ്വയം ഭരണ വകുപ്പിനും സര്‍ക്കാരിനും വേണ്ടി ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുന്നു.

ഹരിതകര്‍മ്മസേന എന്ന നാടിന്റെ ശുചിത്വ സൈന്യത്തിന്റെ സത്യസന്ധതയുടെയും ആത്മാര്‍ഥതയുടെയും അനുഭവസാക്ഷ്യങ്ങളില്‍ ഒടുവിലത്തേതാണിത്. കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തില്‍ മാലിന്യത്തില്‍ നിന്ന് ലഭിച്ച അരലക്ഷം രൂപ തിരികെ നല്‍കിയ ഹരിതകര്‍മ്മസേനാംഗങ്ങളായ സി സുശീലയെയും പി വി ഭവാനിയെയും മുന്‍പ് പരിചയപ്പെടുത്തിയിരുന്നു. നമ്മുടെ മാലിന്യം ശേഖരിച്ച് സംസ്‌കരിച്ച് നാടിനെ രക്ഷിക്കുന്ന ഹരിതര്‍മ്മ സേനാംഗങ്ങളാണ്, സത്യസന്ധത കൊണ്ടുകൂടി ശ്രദ്ധേയരാകുന്നത്. നന്മയുടെ പുത്തനധ്യായങ്ങളുമായി ഹരിതകര്‍മ്മ സേന മുന്നോട്ട് കുതിക്കും. കേരളത്തിന്റെ ഈ ശുചിത്വസേനയെ നമുക്ക് ചേര്‍ത്തുപിടിക്കാം.

Exit mobile version