ബിന്ദുവേച്ചിയാണ് സൂപ്പര്‍ താരം: നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണ്ണാഭരണം മാലിന്യത്തില്‍; ഹരിത കര്‍മ്മ സേനാംഗത്തിന്റെ സത്യസന്ധതയെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്

പാലക്കാട്: കളഞ്ഞുകിട്ടിയ സ്വര്‍ണവളയുടെ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മാതൃകയായ ഹരിത കര്‍മ്മ സേനാംഗത്തെ അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്. പാലക്കാട് തൃക്കടീരി ആറ്റാശേരി സ്വദേശിയായ ബിന്ദു എന്ന ഹരിത കര്‍മ്മ സേനാംഗമാണ് സത്യസന്ധതയ്ക്ക് കൈയ്യടി നേടുന്നത്. ബിന്ദുവേച്ചിയാണ് ഇന്നത്തെ സൂപ്പര്‍ താരം എന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രിയുടെ കുറിപ്പ് ആരംഭിക്കുന്നത്.

മുസ്തഫ എന്നയാളിന്റെ വീട്ടില്‍ നിന്ന് ഹരിത കര്‍മ്മസേന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു. ഇതിനുള്ളിലാണ് ആറുമാസം മുന്‍പ് നഷ്ടപ്പെട്ടിരുന്ന ഒന്നര പവന്റെ സ്വര്‍ണവള ഉണ്ടായിരുന്നത്. മാലിന്യത്തിനൊപ്പം ഇതുള്‍പ്പെട്ടത് വീട്ടുകാര്‍ പോലും കണ്ടിരുന്നില്ല. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ബിന്ദു ഉടമയെ തിരിച്ചേല്‍പ്പിക്കുകയായിരുന്നു.

വള തിരികെ നല്‍കിയ ഹരിത കര്‍മ്മ സേനാംഗത്തിന്റെ സത്യസന്ധതയെ തദ്ദേശ സ്വയം ഭരണ വകുപ്പിനും സര്‍ക്കാരിനും വേണ്ടി അഭിനന്ദിക്കുകയാണ് എന്നും അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. ബിന്ദുവിന് അഭിനന്ദനങ്ങളുമായി കമന്റുകള്‍ നിറയുകയാണ് പോസ്റ്റിന് താഴെ.

ബിന്ദുവേച്ചിയാണ് ഇന്നത്തെ സൂപ്പര്‍ താരം. ആറുമാസം മുന്‍പ് കാണാതായ, നഷ്ടപ്പെട്ടു എന്ന് കരുതി ഏവരും ഉപേക്ഷിച്ച സ്വര്‍ണ്ണവള കണ്ടെത്തി ഉടമയെ തിരിച്ചേല്‍പ്പിച്ചാണ് ബിന്ദുവേച്ചി നാടിന്റെ സ്റ്റാറായത്. പാലക്കാട് തൃക്കടീരി ആറ്റാശേരി സ്വദേശിയാണ് ബിന്ദു എന്ന ഈ ഹരിത കര്‍മ്മ സേനാംഗം. മുസ്തഫ എന്നയാളിന്റെ വീട്ടില്‍നിന്ന് ഹരിത കര്‍മ്മസേന പതിവുപോലെ പ്ലാസ്റ്റിക് ശേഖരിച്ചു. പരിശോധിച്ചപ്പോഴാണ് ഒന്നര പവന്റെ സ്വര്‍ണവള കിട്ടിയത്. ഈ ആഭരണം കാണാതായിട്ട് ആറുമാസം കഴിഞ്ഞിരുന്നു. മാലിന്യത്തിനൊപ്പം ഇതുള്‍പ്പെട്ടത് വീട്ടുകാര്‍ പോലും കണ്ടിരുന്നില്ല. എന്നാല്‍ ഇത് ശ്രദ്ധയില്‍ പെട്ടയുടന്‍ തന്നെ ബിന്ദുവേച്ചി ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കുകയായിരുന്നു. ബിന്ദുവേച്ചിയുടെ സ്വര്‍ണ്ണത്തിളക്കമുള്ള ഈ സത്യസന്ധതയെ തദ്ദേശ സ്വയം ഭരണ വകുപ്പിനും സര്‍ക്കാരിനും വേണ്ടി അഭിനന്ദിക്കുകയാണ്.

സത്യസന്ധതയുടെയും ആത്മാര്‍ത്ഥതയുടെയും പര്യായങ്ങളായി മാറുന്ന നമ്മുടെ ഹരിത കര്‍മ്മ സേനാംഗങ്ങളുടെ ഇത്തരം കൃത്യങ്ങള്‍ പരിചയപ്പെടുത്തുന്നത് സന്തോഷവും അഭിമാനകരവുമാണ്. നാടിന്റെ സംരക്ഷകരാണ് ഹരിത കര്‍മ്മ സേനക്കാരെന്ന് പറഞ്ഞാല്‍ പോലും അത് ഒട്ടും അധികമാകില്ല. മാലിന്യം ശേഖരിച്ച് മാത്രമല്ല, സത്യസന്ധതയുടെയും ആത്മാര്‍ത്ഥതയുടെയും മാതൃകയായിക്കൂടി അവര്‍ നാടിന് മുതല്‍ക്കൂട്ടാവുകയാണ്. നാടിന്റെ ഈ സംരക്ഷകരെ, ശുചിത്വ സൈന്യത്തെ നമുക്ക് ചേര്‍ത്തുപിടിക്കാം.

Exit mobile version